മനാമ: സൗദി അറേബ്യയുടെ 89-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ബഹ്‌റൈൻ. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബിടിഇഎ) സെപ്റ്റംബർ 19 മുതൽ 23 വരെ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ബഹ്‌റൈനിലെ അവന്യൂസ്, സീഫ് മാൾ – സീഫ് ഡിസ്ട്രിക്റ്റ്, ബഹ്‌റൈൻ സിറ്റി സെന്റർ, മറാസി അൽ ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനി, സൗദി ജനതയുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന “ബനൂഷ് ഷോ”, റോയൽ മ്യൂസിക്കൽ ബാൻഡിന്റെ പ്രകടനങ്ങൾ, ഫയർവർസ് ഷോ എന്നിവയ്ക് അവന്യൂസ് ആതിഥേയത്വം വഹിക്കും. സീഫ് മാൾ – സീഫ് ഡിസ്ട്രിക്റ്റ് സന്ദർശകർക്ക് പരമ്പരാഗത അർദ്ധ പ്രകടനങ്ങൾ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. സിറ്റി സെന്റർ ബഹ്‌റൈൻ മനോഹരമായി അലങ്കരിക്കുകയും ഒരു ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. അതോടൊപ്പം സന്ദർശകർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ബഹ്‌റൈനിൽ ആദ്യമായി നടക്കുന്ന “ട്രോൾസ്” ഷോയ്ക് ആതിഥേയത്വം വഹിക്കും. മറാസി അൽ ബഹ്‌റൈൻ ബീച്ചിലെ സന്ദർശകർക്ക് ഔട്ട്ഡോർ സിനിമ, പ്രാദേശിക ബാൻഡുകൾ അവതരിപ്പിക്കുന്ന പരമ്പരാഗത തത്സമയ ഷോകൾ, വിവിധ ബീച്ച് പ്രവർത്തനങ്ങൾ, തത്സമയ പാചക സ്റ്റേഷനിലെ പ്രാദേശിക ഭക്ഷണം, മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കുകയും ചെയ്യാം. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുകയും രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള ഐക്യം വളർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധിക്കുമെന്ന് ബിടിഇഎയിലെ ടൂറിസം അഡ്വൈസർ ഡോ. അലി ഫൊല്ലാദ് പറഞ്ഞു.