ഫ്രണ്ട്സ് ഓഫ് അടൂർ, പൊന്നോണം – 2019 ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസികളോടൊപ്പം സെപ്തംബർ 21 ന് ആഘോഷിക്കുന്നു

മനാമ: ബഹ്റൈൻ എന്ന പവിഴദ്വീപിൽ അധിവസിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ മാസം 21 തീയതി ശനിയാഴ്ച പകൽ 11 മണി മുതൽ അടൂരിന് സമീപം ഏഴംകുളത്ത് സ്ഥിതി ചെയ്യുന്ന ജീവമാതാ കാരുണ്യഭവനിലെ അന്തേവാസികളോടൊപ്പം നടത്തുന്നു. തദവസരത്തിൽ അവർക്കേവർക്കും ഓണക്കോടിയും ഒപ്പം ഓണ സമ്മാനങ്ങളും നൽകുന്നു.

അവധിയ്ക്കായി നാട്ടിലായിരിയ്ക്കുന്ന “ഫ്രണ്ട്സ് ഓഫ് അടൂർ” അംഗങ്ങളെയും, മുൻകാല പ്രവർത്തകരെയും, കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട അടൂർ MLA ശ്രീ.ചിറ്റയം ഗോപകുമാർ, എഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബി. ലത, പഞ്ചായത്ത് മെംബർ ശ്രീ. വിജു രാധാകൃഷ്ണൻ, ശ്രീ. മാത്യു പാലവിള തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. ഏവരേയും ഈ ഓണ സംഗമത്തിലേക്ക് സ്വാഗതം ചെയ്തതായി സന്തോഷ് തങ്കച്ചൻ (പ്രസിഡൻറ്), അനു കെ. വർഗീസ് (ജനറൽ സെക്രട്ടറി) എന്നിവർ അറിയിച്ചു