ആയിരത്തിൽപരം ലേബർ ക്യാമ്പ് തൊഴിലാളികളെ ഒത്തൊരുമിപ്പിച്ച് കെ സി എ യുടെ ഓണസദ്യ ശ്രദ്ധേയമായി

മനാമ: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ, ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപരം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യമായി ഓണസദ്യ ഒരുക്കി. സമൂഹത്തിലെ വിവിധ തുറകളിൽ നിന്ന് എത്തിയ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളും ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും കെസിഎ കുടുംബാംഗങ്ങളും അടക്കം രണ്ടായിരം പേർ സെപ്റ്റംബർ 13നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഓണം മഹാ സദ്യയിൽ പങ്കെടുത്തു.

കെസിഎ പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ്, ഐ.സി.ആർ.എഫ്. ചെയർമാൻ ശ്രീ. അരുൾദാസ് തോമസ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യു എ ഇ എക്സ്ചേഞ്ച് ഏരിയ ഹെഡ് ശ്രി ആനന്ദ് എസ് നായർ മുഖ്യ അതിഥി ആയിരുന്നു. കെസിഎ രക്ഷാധികാരി ശ്രീ. പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ ശ്രീ. ജോസ് കെ പി, ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ ജോഷി വിതയത്തിൽ, ഓണസദ്യ കമ്മറ്റി കൺവീനർമാരായ ശ്രീ. റോയി ജോസഫ്, ശ്രീ. ബാബു വർഗീസ്, ശ്രീ. രഞ്ജി മാത്യു, ശ്രീ. ബിജു ജോസഫ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സഹൃദയ പയ്യന്നൂർ അവതരിപ്പിച്ച നാടൻപാട്ട് പരിപാടികൾക്ക് കൊഴുപ്പേകി.

കെസിഎ ചാരിറ്റി ഹെഡും, ഓണസദ്യ കൺവീനറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്ത് നന്ദി രേഖപ്പെടുത്തി. സെപ്റ്റംബർ 20ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കെസിഎ അങ്കണത്തിൽ വച്ച് ഓണാഘോഷങ്ങളുടെ സമാപനവും സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങിൽ മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.