ബി കെ എസ് ഓണാഘോഷം “ശ്രാവണം 2019” പരിപാടിയുടെ മേന്മ കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി

മനാമ: ബി കെ എസ് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്നലെ നടന്ന പരിപാടികള്‍ മേന്മ കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കെ ശബരീനാഥ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബി കെ എസ് എൻ ആർ ഐ എക്സലന്റ്സ് അവാർഡ് ബഹ്‌റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും അറിയപ്പെടുന്ന ബിസിനസ്സുകാരനായ ശ്രീ സി പി വർഗീസിനും, ബി കെ എസ് ബിസിനസ്സ് ഐക്കോൺ അവാർഡ് ബിസിനസുകാരനും ജീവകാരുണ്യരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ ശ്രീ അബ്ദുൽ മജീദ് തെരുവത്തിനും ചടങ്ങിൽ വെച്ച് നല്‍കി.

ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി എം പി രഘു സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻരാജ് നന്ദിയും പറഞ്ഞു. ശ്രാവണം ജനറൽ കൺവീനർ പവനൻ തോപ്പിൽ സന്നിഹിതനായിരുന്നു.

തുടർന്ന് പദ്മശ്രീ കെ എസ് ചിത്ര നയിച്ച ഗാനമേളയിൽ പ്രശസ്ത ഗായകരായ ഹരിശങ്കർ, നിഷാദ് , ടീന ടെല്ലന്‍സ് , വിജിത തുടങ്ങിയവര്‍ ശ്രോതാക്കളെ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് കൊണ്ടുപോയി. സമാജത്തിന്റെ ഹാളിനു പുറത്തും പരിപാടികൾ വീക്ഷിക്കുവാനായി സൗകര്യം ചെയ്തിട്ടുണ്ടായിരുന്നു. ജനബാഹുല്യം കൊണ്ട് സമാജം അംഗണം നിറഞ്ഞു കവിഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും കടപ്പാടും ഭരണസമിതി രേഖപ്പെടുത്തി.