ഇറാനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചില്ലെങ്കിൽ എണ്ണവില അപ്രതീക്ഷിത ഉയരത്തിലെത്തും: സൗദി കിരീടാവകാശി

ഇറാനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചില്ലെങ്കിൽ എണ്ണവില അപ്രതീക്ഷിത ഉയരത്തിലെത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇറാനെ തടയാൻ ലോകം ശക്തവും ഉറച്ചതുമായ നടപടിയെടുക്കുന്നില്ലെങ്കിൽ പ്രശ്നം ഇനിയും വഷളാകും. അത് ലോകത്തിന്റെ താത്പര്യങ്ങൾക്കുതന്നെ ഭീഷണിയുയർത്തും. എണ്ണവിതരണം തടസ്സപ്പെടുകയും എണ്ണവില മുൻപുണ്ടാകാത്ത തരത്തിൽ ഉയരത്തിലെത്തുകയും ചെയ്യുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. സെപ്റ്റംബർ 14 ന് യെമെനിലെ ഹൂതിവിമതർ സൗദിയുടെ അരാംകോ എണ്ണപ്പാടങ്ങൾക്കും സംസ്‍കരണശാലകൾക്കും നേരെ നടത്തിയ ആക്രമണത്തിൽ സൗദി എണ്ണയുത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ആക്രമണത്തോടെ അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 19.5 ശതമാനം വർധിച്ച് 71.95 ഡോളറിലെത്തി.