കെ.സി.എ ബഹ്റൈൻ, ഇന്ത്യൻ ടാലന്റ് സ്കാൻ-2019 വിശദീകരണ യോഗം ഒക്ടോബർ 4 ന് (വെള്ളിയാഴ്ച)

മനാമ: BFC – KCA ഇന്ത്യൻ ടാലന്റ് സ്കാൻ 2019 ന് മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനുകൾ 2019 ഒക്ടോബർ 15 ന് അവസാനിക്കുന്ന മത്സരങ്ങളിൽ ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ടാലന്റ് സ്കാനിൽ 674 കുട്ടികളുടെ റെക്കോർഡ് പങ്കാളിത്തം ഉണ്ടായിരുന്നു. മത്സര നിയമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ, വിധിനിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനായി മാതാപിതാക്കൾക്കും മത്സരാർത്ഥികൾക്കും വേണ്ടിയുള്ള കൂടിക്കാഴ്ച 2019 ഒക്ടോബർ 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് KCA – VKL ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഒക്ടോബർ 25 ആരംഭിക്കുന്ന മത്സരങ്ങൾ ഡിസംബർ 6 വരെ ഉണ്ടായിരിക്കും. ഈ വർഷം മൊത്തം 147 വ്യക്തിഗത ഇനങ്ങളാണ് (നാല് ഗ്രൂപ്പുകൾക്കുമായി) മത്സരാർത്ഥികൾക്കായി ഉള്ളത്. ഇതിനു പുറമേ 1 ടീം ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . ഒരു കുട്ടിക്ക് പരമാവധി 8 വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കുടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കാം. 2014 സെപ്റ്റംബർ 30 നും 2001 ഒക്ടോബർ 1 നും ഇടയിൽ ജനിച്ച (രണ്ട് തീയതികളും ഉൾപ്പെടെ) കുട്ടികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളത് .

ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരയിനങ്ങളെ നാട്യ രത്ന (നൃത്തം) ഇനങ്ങൾ , സംഗീത രത്ന ഇനങ്ങൾ , കലാ രത്ന (ആർട്സ് & ക്രാഫ്റ്റ്സ്) ഇനങ്ങൾ , സാഹിത്യ രത്ന ഇനങ്ങൾ , ടീം ഇനങ്ങൾ എന്നിങ്ങനെ ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു . ഇന്ത്യൻ ടാലന്റ് സ്കാനിലെ പ്രധാന ആകർഷക ഇനമായ നൃത്ത മത്സരങ്ങൾ നവംബർ 7 നും 12 നും ഇടയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു . നിരവധി അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും മത്സര വിജയികളെ കാത്തിരിക്കുന്നു . കുട്ടികളെ മത്സരങ്ങൾക്ക് സജ്ജരാക്കുന്ന നൃത്ത അദ്ധ്യാപകർക്കുള്ള പ്രത്യേക അവാർഡ് ഈ വർഷം സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട് .

അപേക്ഷാ ഫോമുകളും പൊതു നിയമാവലിയും മാർഗ്ഗനിർദ്ദേശങ്ങളും www.kcabahrain.com ൽ ഓൺലൈനിൽ ലഭ്യമാണ് ഇന്ത്യൻ ടാലന്റ് സ്കാനിന്റെ പൊതുവായ നിയമങ്ങളും പെരുമാറ്റചട്ടങ്ങളും സംബന്ധിച്ച വിശദീകരണങ്ങൾക്ക് 2019 ഒക്ടോബർ 4 ന് വൈകുന്നേരം 5 : 00 മണിക്ക് ക്രമീകരിച്ചിട്ടുള്ള യോഗത്തിൽ പങ്കെടുക്കാൻ മത്സരാർത്ഥികളോടും മാതാപിതാക്കളോടും സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ ലിയോ ജോസഫ് ( 38893534 ) , ജോയിന്റ് കൺവീനർ ഷിജു ജോൺ ( 39243381 ) എന്നിവരുമായി ബന്ധപ്പെടാം.