‘പ്രതീക്ഷ’ വെറും കയ്യോടെ മടക്കില്ല: സെപ്തംബറിൽ ‘ഹോപ് ബഹ്റൈൻ’ ഗൾഫ് കിറ്റ് സമ്മാനിച്ചത് നിരാലംബരായ ഏഴോളം പേർക്ക്

മനാമ: ”പ്രതീക്ഷ’ വെറുമൊരു വാക്കല്ല, പ്രവർത്തിയാണ് ‘ എന്ന വാക്യം അർഥപൂർണമാക്കി തീർക്കുകയാണ് ബഹ്റൈൻ പ്രവാസ ലോകത്തെ ജീവകാരുണ്യ കൂട്ടായ്മയായ ഹോപ് ബഹ്റൈൻ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വെറും കയ്യോടെ പ്രവാസ ഭൂമികയിൽ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടി വരുമായിരുന്ന ഏഴോളം പേർക്കാണ് പ്രതീക്ഷ ബഹ്റൈൻ ഗൾഫ് കിറ്റ് സമ്മാനിച്ചത്.

ജോലിയോ മറ്റു വരുമാനമോ ഇല്ലാതെ ഗുദൈബിയയിലെ പാർക്കിൽ കഴിഞ്ഞിരുന്ന കാസർകോട് സ്വദേശി അബ്ദുൽ ജലീലിന് ‘പ്രതീക്ഷ ബഹ്‌റൈൻ’ (HOPE) സഹായം കൈമാറി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ, എംബസ്സിയുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ നാട്ടിലേയ്ക്കുള്ള യാത്ര സാധ്യമാകുമ്പോൾ, ധരിക്കാനാവശ്യമായ വസ്ത്രങ്ങളും, കുടുംബങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ‘പ്രതീക്ഷയുടെ ഗൾഫ് കിറ്റും’, കൂടാതെ ഇരുപത്തിയാറായിരം രൂപയുമാണ് സഹായമായി നൽകിയത്.

മലപ്പുറം സ്വദേശി അബ്ദുൾ ജലീലിന് പ്രതീക്ഷ അംഗങ്ങൾ ഗൾഫ് കിറ്റും ടിക്കറ്റും കൈമാറുന്നു.

കഴിഞ്ഞ ഒരു മാസം മാത്രം, ഹതഭാഗ്യരായ ഏഴു പേർക്ക് ‘ഗൾഫ് കിറ്റ്’ നൽകാൻ ഈ കൂട്ടായ്‌മയ്‌ക്ക് സാധിച്ചിരുന്നു. ഇതിൽ ശമ്പളകുടിശ്ശികയും തുടർന്ന് ജോലിയും നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ മലപ്പുറം സ്വദേശിയും മൂന്നുമക്കളുടെ പിതാവുമായ അബ്‌ദുൾ ജലീൽ എന്ന സഹോദരന് ‘ഗൾഫ് കിറ്റും’ ടിക്കറ്റും നൽകാൻ സാധിച്ചപ്പോൾ, സമാന സാഹചര്യത്തിൽ വെറും കൈയോടെ മടങ്ങേണ്ടി വന്ന വിധവയായ സഹോദരിക്കും ഗൾഫ് കിറ്റ് നൽകി യാത്രയാക്കാനായി.

ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഫക്രുദ്ധീന് പ്രതീക്ഷയുടെ ഗൾഫ് കിറ്റ് കൈമാറുന്നു.

കൂടാതെ വിസിറ്റ് വിസയിലെത്തി ജോലി ലഭിക്കാതെ തുടരവേ, കിഡ്‌നിക്കും ഹൃദയത്തിനും തകരാറുണ്ടെന്ന് കണ്ടു പിടിക്കപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ ഹൈദെരാബാദ് സ്വദേശിയായ മുഹമ്മദ് ഫക്രുദീൻ, സമാന സാഹചര്യത്തിൽ സൽമാനിയ ഹോസ്‌പിറ്റലിൽ നിന്നും നാട്ടിലേയ്ക്ക് യാത്രയായ ആന്ധ്രാ സ്വദേശി, ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ മണർകാട് സ്വദേശി, ഏജന്റിനാൽ കബളിക്കപ്പെട്ട ആലപ്പുഴ സ്വദേശിനി എന്നിവർക്കും പ്രതീക്ഷയുടെ ഗൾഫ് കിറ്റ് നൽകി യാത്രയാക്കാൻ കഴിഞ്ഞ മാസം ഹോപ്പിന് സാധിച്ചു. ഇതിനു വേണ്ടി സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.