മനാമ: ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബഹ്‌റൈൻ ദേശീയ അത്‌ലറ്റിക്സ് ടീം അംഗങ്ങളെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദിച്ചു. അറബ് തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ (ഏഷ്യൻ തലത്തിൽ രണ്ടാമതും മൊത്തത്തിൽ പന്ത്രണ്ടാമതും) ടീം ഒരു സ്വർണ്ണ മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 400 മീറ്റർ ഫൈനൽ മൽസരത്തിൽ സാൽവ ഈദ് നടത്തിയ അവിശ്വസനീയമായ പ്രകടനത്തെയും വനിതാ മാരത്തൺ മൽസരത്തിൽ വെള്ളി മെഡൽ നേടിയ റോസ് ചെലിമോയെയും മിക്സഡ് 4 എക്സ് 400 മൽസരത്തിൽ വെങ്കല മെഡൽ നേടിയ റിലേ ടീമിനെയും ഹിസ് ഹൈനസ്സ് ഷെയ്ഖ് ഖാലിദ് പ്രശംസിച്ചു. ചാമ്പ്യൻമാരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങളെ മത്സരത്തിന് മുന്നിൽ ഒരുക്കുന്ന മുഹമ്മദ് അബ്ദുൽതീഫ് ബിൻ ജലാലിന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ശ്രമങ്ങളെ ഹിസ് ഹൈനസ്സ് ഷെയ്ഖ് ഖാലിദ് പ്രശംസിച്ചു.