വിദേശ വിനോദ സഞ്ചാരികൾക്ക് ഒരുലക്ഷം റിയാൽ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയൊരുക്കി സൗദി

റിയാദ്: വിദേശ വിനോദ സഞ്ചാരികൾക്ക് ഒരുലക്ഷം റിയാൽ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംവിധാനമൊരുക്കി സൗദി. അടിയന്തിര ഘട്ടങ്ങളിൽ സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിനോദ സഞ്ചാരികൾക്ക് ഒരു ലക്ഷം റിയാൽ വരെ ചികിത്സാ കവറേജ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. വാഹനാപകടങ്ങളിലെ പരിക്കുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഡയാലിസിസ്, കിടത്തി ചികിത്സ, ആംബുലൻസ് സേവനം, അടിയന്തര സാഹചര്യങ്ങളിൽ അയ്യായിരം റിയാൽ വരെ ചിലവ് വരുന്ന ഗർഭ-പ്രസവ പരിചരണം തുടങ്ങിയ ആരോഗ്യ ഇൻഷുറസ് പരിരക്ഷ വിനോദ സഞ്ചാരികൾക്ക് ലഭിക്കും. 140 റിയാൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്കായി വിദേശ വിനോദ സഞ്ചാരികൾ നൽകണം. കഴിഞ്ഞ മാസം മുതലാണ് വിനോദ സഞ്ചാരികൾക്ക് സൗദി ഓൺ അറൈവൽ വിസ ലഭ്യമായത്. ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്ന ആശുപത്രികളിൽ ചികിത്സ തേടുന്നതിന് വിനോദ സഞ്ചാരികൾ പണം നൽകേണ്ടതില്ല. മറ്റു ആശുപത്രികളിൽ ചികിത്സ തേടാന്‍ നിർബന്ധിതരാകുന്നപക്ഷം വിദേശ വിനോദ സഞ്ചാരികൾക്ക് പോളിസി വ്യവസ്ഥകൾ പ്രകാരം ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുകയും ചെയ്യും.