ദുബായ്: വിമാന യാത്രയ്ക്ക് പാസ്പോർട്ടും തിരിച്ചറിയൽ കാർഡും ഇനി വേണ്ട. പകരം യാത്രക്കാരന്റെ മുഖം മാത്രം കാണിച്ച് യാത്രനടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന പുതിയ സംവിധാനം ഒരുക്കി ദുബായ്. ജി.ഡി.ആർ.എഫ്.എ. ദുബായും (ദുബായ് എമിഗ്രേഷൻ) എമിറേറ്റ്‌സ് എയർലൈൻസും ചേർന്നാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ദുബായിൽ നടക്കുന്ന 39 -ാം ജൈറ്റക്സ് ടെക്നോളജി വീക്കിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ കഴിയുന്ന സംവിധാനം അധിക്യതർ പരിചയപ്പെടുത്തുന്നത്.
ആദ്യയാത്രയിൽ രേഖകളെല്ലാം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്താൽ പിന്നീടുള്ള യാത്രകൾക്ക് പാസ്പോർട്ടിന്റെയും തിരിച്ചറിയൽ കാർഡിന്റെയും ആവശ്യം ഇല്ല. ഇരട്ടകളെപ്പോലും വേർതിരിച്ചറിയുവാൻ കഴിയുന്ന അത്യാധുനിക സോഫ്റ്റ്‌വേറുകളിലൂടെയാണ് ബയോമെട്രിക് സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്. എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ബയോമെട്രിക് സംവിധാനം ആദ്യഘട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്. വിമാന ടിക്കറ്റ് ചെക്കിങ് കൗണ്ടറിന് മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് ഉറപ്പു വരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നും തുറക്കപ്പെടും