മനാമ: കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന ബി കെ എസ് നവരാത്രി ആഘോഷങ്ങളുടെ സമാപനദിവസമായ ഇന്ന് പ്രശസ്ത സംഗീത പ്രതിഭ ശ്രീ.കുന്നുകൂടി ബാല മുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി ഇന്ന് വൈകീട്ട് 7 30 ന് ഉണ്ടായിരിക്കുന്നതാണെന്ന് സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള ,ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വർത്തമാന ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതജ്ഞരിൽ പെടുന്ന ശ്രീ. കുന്നുകൂടി ബാലമുരളീകൃഷ്ണ ആദ്യമായാണ് ബഹ്റൈനിൽ സംഗീതക്കച്ചേരി അവതരിപ്പിക്കുവാനായി എത്തുന്നത്. ദക്ഷിണേന്ത്യയിൽ ഉടലെടുത്ത ശാസ്ത്രീയ സംഗീത ശാഖയാണ് കർണ്ണാടക സംഗീതം(Carnatic Music). മറ്റ് ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ് കർണ്ണാടക സംഗീതത്തിന്റെയും അടിസ്ഥാനം. അനുഗൃഹീതരായ നിരവധി സംഗീതപ്രതിഭകളുടെ പരിശ്രമങ്ങൾ കൊണ്ട് ഈ സംഗീത സമ്പ്രദായത്തിന് ഇന്ന് ലോകത്തെല്ലായിടത്തും വേരോട്ടമുണ്ട്. തന്റെ പന്ത്രണ്ടാം വയസ്സുമുതൽ സംഗീത സദസ്സുകളിൽ പ്രത്യക്ഷപെടുവാൻ തുടങ്ങിയാണ് ശ്രീ. ബാലമുരളീകൃഷ്ണ തന്റെ സംഗീത പാടവം ആസ്വാദകർക്ക് പകർന്നുകൊടുത്തത് . പിന്നീട് ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി സംഗീത പരിപാടികൾ അവരിപ്പിക്കുകയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ഗായകനാണ് ശ്രീ. ബാലമുരളീകൃഷ്ണ.
പ്രശസ്ത സംഗീതജ്ഞനായിരുന്ന മീനാക്ഷി സുന്ദരത്തിന്റെ മകനായ കുന്നക്കുടി ബാലമുരളീകൃഷ്ണ ലോകമറിയുന്ന വയലിൻ മാന്ത്രികനായിരുന്ന കുന്നക്കുടി വൈദ്യനാഥന്റെ ബന്ധുകൂടിയാണ്. കേളികേട്ട മൃദംഗ വിദ്വാൻ ശ്രീ. കെ എം എസ് മണി, വയലിനിസ്റ്റ് ശ്രീ. ജയ് ടോറോന്റോ, ഘടം ശ്രീ . തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്നിവരാണ് ബാലമുരളീകൃഷ്ണക്കൊപ്പം സംഗീതക്കച്ചേരി അവതരിപ്പിക്കുവാനായി എത്തുന്നത്.
സംഗീതപ്രേമികൾക്ക് ശുദ്ധസംഗീതം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിതെന്നും പരിപാടി ആസ്വദിക്കുവാനായി എല്ലാവരെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതി അറിയിച്ചു. ശ്രീ രാകേഷ് രാജപ്പന്‍ , ശ്രീമതി സുവിത രാകേഷ് എന്നിവര്‍ കണ്‍വീനര്‍മാരായ കമ്മിറ്റിയാണ് ഈ വര്ഷത്തെ നവരാത്രി ആഘോഷത്തിനു ചുക്കാന്‍ പിടിച്ചത്.