അബുദാബിയിൽ ഇനിമുതൽ കോടതി വിധി പകർപ്പുകൾ 5 ഭാഷകളിൽ ലഭിക്കും

അബുദാബി: കോടതി വിധി പകർപ്പുകൾ 5 ഭാഷകളിൽ ലഭിക്കാൻ അവസരമൊരുക്കി അബുദാബി ജുഡീഷ്യൽ വകുപ്പ്. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യൻ ഭാഷകളിൽ ഇനിമുതൽ വിധി പകർപ്പുകൾ ലഭിക്കും. ഇതോടെ 5 ഭാഷകളിൽ കോടതി പകർപ്പ് ലഭിക്കുന്ന ആദ്യ രാജ്യം എന്ന പദവി കൂടി യുഎഇ കരസ്ഥമാക്കി. കേസുകളിൽ വിധി വന്ന ഉടൻ ജുഡീഷ്യൽ വകുപ്പിന്‍റെ വെബ്സൈറ്റിൽ ക്യുആർ കോഡ് ഉപയോഗിച്ച് പ്രവേശിച്ചാൽ വിവർത്തനം ലഭ്യമാകുന്നതാണ് പദ്ധതി. യുഎഇയിൽ വസിക്കുന്ന വിവിധ രാജ്യക്കാർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ സംവിധാനം. വിഷൻ 2030ന്‍റെ ഭാഗമായി യുഎഇയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ഒരുക്കിയത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് കോടതി വിധി പകർപ്പുകൾ 5 ഭാഷകളിൽ തയ്യാറാക്കുന്നത്.