മനാമ: കേരളീയ ചരിത്ര പഠനത്തിലെ ബൃഹത് ഗ്രന്ഥമായ പി.ഭാസ്ക്കരനുണ്ണി എഴുതിയ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എസ്തെറ്റിക് ഡെസ്ക് ബഹ്റൈൻ ചർച്ച ചെയ്യുന്നു. ഒക്ടോബർ 16, ബുധൻ രാത്രി 8 മണിക്ക് സെഗയ്യയിലെ കെസിഎ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇ എ സലിം പുസ്തകം പരിചയപ്പെടുത്തും.
മുടന്തി ജീവിച്ച ഒരു നൂറ്റാണ്ടിൽ നിന്നും ഇന്ന് കാണുന്ന കേരളത്തിലേക്കുണ്ടായ മാറ്റങ്ങളെ മനസിലാകും വിധം ശ്രേണീ ബദ്ധമായ ജാതി വ്യവസ്ഥയുടെ സങ്കീർണതകളിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് പി ഭാസ്കരനുണ്ണിയുടെ കൃതികളിൽ. ‘ഭരണാധികാരികളുടെ വീര സാഹസിക ചരിത്രമല്ല, മൃഗതുല്യരായി ജീവിച്ച് മരിച്ച അടിയാള ജീവിതങ്ങളുടെ സാംസ്‌കാരിക ചരിത്രമാണ് പി.ഭാസ്‌കരനുണ്ണിയുടേത്.’ ചരിത്രം പറയുമ്പോള്‍ നിഷ്പക്ഷനായിരിക്കുന്നതിന് പകരം ഉള്ളു പൊള്ളിക്കുന്ന യാഥാർഥ്യങ്ങളിലൂടെ എഴുതപ്പെട്ട, പുതു തലമുറക്ക് അപരിചിതമായ വെളിപ്പെടുത്തലുകൾ നിറഞ്ഞ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’ത്തെ കുറിച്ചറിയാൻ താൽപര്യമുള്ള ചരിത്ര തൽപ്പരരായ മുഴുവൻ സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.