മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാ വൈദഗ്ധ്യ മത്സര പരിപാടിയായ ‘സെർക്കാസിക്സ് അംഗന ശ്രീ’ യുടെ കലാ മത്സരങ്ങളുടെ ഉദ്ഘാടനം സമാജത്തിൽ നടന്നു. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണണപിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ആക്ടിംഗ് സെക്രട്ടറി ടി.ജെ.ഗിരീഷ്, വൈസ് പ്രസിഡന്റ് പി.എൻ.മോഹൻരാജ്, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി രജിത അനി എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ വേദി പ്രവർത്തകരും മത്സരാർത്ഥികളും മറ്റ് വനിതകളും ചേർന്ന് വേദിയിൽ അക്ഷരദീപം തെളിച്ചു. തുടർന്ന് ലളിതഗാനം, നാടോടി നൃത്തം എന്നീ മത്സരങ്ങൾ നടന്നു. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനാല് വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.
വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുവാനും മത്സരാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുവാനും അവസരം നൽകിയിരുന്നു.