മനാമ: കേരള എഞ്ചിനീർസ് ഫോറം ബഹ്റൈൻ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 17,18 തിയതികളിൽ സമുചിതമായി കൊണ്ടാടുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ പരിപാടികൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. റിട്ടയേർഡ് ജസ്റ്റിസ് കമൽ പാഷ മുഖ്യ അതിഥി ആയി പങ്കെടുക്കുന്ന പ്രസ്തുത പരിപാരികളിൽ പ്രശസ്ത മിമിക്രി കലാകാരനും സിനിമ സംവിധായകനുമായ രമേശ് പിഷാരടി, സിനിമാ താരം പദ്മപ്രിയ എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.
17 ന് പ്രശസ്ത സിനിമ താരം പദ്മപ്രിയയുടെ നൃത്തനൃത്യങ്ങളും, സച്ചിൻ വാര്യർ നേതൃത്വം കൊടുക്കുന്ന ഗാനമേളയും മുഖ്യ ആകർഷണങ്ങളായി പരിപാടിക്ക് കൊഴുപ്പേകും. സച്ചിന്റെ നേതൃത്വത്തിലുള്ള ഗാനമേളയിൽ പ്രശസ്ത ഗായിക ആൻ ആമി പങ്കെടുക്കും. ഒക്ടോബര് 18 ന് ഓണസദ്യയും KEEN4 ബാൻഡും ഓണത്തിന്റെ ഗൃഹാതുരത സമ്മാനിക്കുന്ന വിവിധ പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.
എഴുനൂറ്റി അൻപതിൽ പരം മലയാളി എഞ്ചിനീയർ മാരുടെ കൂട്ടായ്മയായ KEEN4 ഇക്കുറി വൈവിധ്യമായ പ്രവർത്തനങ്ങളുമായി സമൂഹത്തിൽ സജീവമാവുകയാണെന്നും സ്കൂൾ വിദ്യാർഥികൾക്കായി എഞ്ചിനീയറിംഗ് അവബോധ ക്ലാസുകൾ, എഞ്ചിനീയറിംഗ് ക്വിസ് എന്നിവ വരും മാസങ്ങളിൽ സംഘടിപ്പിക്കുമെന്നും, മുൻ വർഷങ്ങളിൽ നടത്തിയ സ്പെൽ ബീ, റോബോട്ടിക് ഷോ എന്നിവ ഈ വർഷവും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് ഇ കെ പ്രദീപൻ പറഞ്ഞു. പദ്മപ്രിയ, കമൽ പാഷ, സച്ചിൻ വാരിയർ എന്നിവരെ അവതരിപ്പിക്കുന്നതിലൂടെ കലാപ്രവർത്തനവും വിദ്യാഭ്യാസവും പരസ്പര പൂരകങ്ങൾ ആയി ജീവിത വിജയം നേടിയ പ്രതിഭകളുടെ അനുഭവ സമ്പത്തു പുതു തലമുറക്കും സമൂഹത്തിനും കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കുന്ന പദ്മപ്രിയ സിനിമ താരം എന്നതിലുപരി പാരിസ്ഥിക ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭയാണ്, ജസ്റ്റിസ് കമൽ പാഷ ആകട്ടെ നീതിബോധത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും പ്രചാരകനും, വൈദഗ്ധ്യം സംഗീതത്തിലെങ്കിലും സച്ചിൻ എഞ്ചിനീയർ തന്നെയാണ്, രമേശ് പിഷാരടി മിമിക്രി എന്ന കലാരൂപത്തെ സാമൂഹ്യ വിമർശനത്തിന്റെ മേഖലയാക്കിയ, വിജയം നേടിയ കലാകാരനും സിനിമ സംവിധായകനും ആയതിനാലാണ് ഇവരെ അവതരിപ്പിച്ചുകൊണ്ട് ഈ ബൃഹത്തായ ഓണ വാർഷിക പരിപാടി സംഘടിപ്പിക്കാൻ keen4 ന് പ്രചോദനം, 17 ന് നടക്കുന്ന പരിപാടിയിൽ പൊതു സമൂഹമാകെ പങ്ക് ചേർന്ന് ഏവരുടെയും സഹായങ്ങൾ ഉറപ്പു വരുത്തണമെന്ന് ” സെക്രട്ടറി ബിനോയ് എബ്രഹാം അറിയിച്ചു.