പാൻ ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) രണ്ടു ദിവസമായി ഓണാഘോഷം സംഘടിപ്പിച്ചു. ആദ്യ ദിവസം അംഗങ്ങളുടെ കായിക മത്സരങ്ങളും ഗാനമേളയും “അങ്കമാലി തലേന്ന്” എന്ന പരിപാടിയും ഉണ്ടായിരുന്നു.

രണ്ടാം ദിവസം സീറോ മലബാർ സൊസൈറ്റി ഹാളിൽ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ. പി വി രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാൻ പ്രസിഡണ്ട് ശ്രീ. പി വി മാത്തുക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഐ സി ആർ എഫ് ചെയർമാൻ ശ്രീ. അരുൺദാസ് തോമസ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ. സോമൻ ബേബി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പാനിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജോയി വർഗീസ് സ്വാഗതവും ജനറൽ കൺവീനർ ശ്രീ. റൈസൺ വർഗീസ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശ്രീ. ചന്ദ്രൻ തിക്കോടി -യെ Memento നൽകി ആദരിച്ചു. നാട്ടിൽ നിന്നും എത്തിയിരിക്കുന്ന അങ്കമാലിക്കാരനായ സംസ്ഥാന വോളിബോൾ പ്ലേയർ ജെറിൻ വർഗീസിനെ പൊന്നാട അണിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, കവിതാപാരായണം, മിമിക്സ് പരേഡ്, ഗാനമേള എന്നീ കലാപരിപാടികളും അരങ്ങേറി.

തുടർന്ന് നാനൂറോളം പേർക്ക് അങ്കമാലികാരനായ പാചകവിദഗ്ധൻ സംഗീതൻറെ നേതൃത്വത്തിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.