പരിസ്ഥിതി സന്തുലിത നിർമാണം മുഖമുദ്ര ആകണം: ബഹ്‌റൈൻ പ്രതിഭ സംവാദം സംഘടിപ്പിച്ചു

മനാമ: ജനസാന്ദ്രതയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം എന്ന നിലയിലും, കടലും കായലും നദികളും ആയി തൊട്ടുരുമ്മി നിൽക്കുന്ന ഭൂപ്രദേശം എന്ന നിലയിലും പരിസ്ഥിതി സന്തുലിത നിർമാണം കേരളം കർശന മുഖമുദ്ര ആക്കി മാറ്റണം എന്ന് ബഹ്‌റൈൻ പ്രതിഭ സംവാദം ആവശ്യപ്പെട്ടു. ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദി സംഘടിപ്പിച്ച “ആന്തൂർ – മരട് പറയാതെ പറയുന്നത്” എന്ന സംവാദത്തിൽ ആണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.

അന്തൂരും മരടും രണ്ടു വ്യത്യസ്ത വിഷയങ്ങൾ ആണെങ്കിലും ഈ വിഷയത്തിൽ ഉൾപെട്ടിരിക്കുന്നത് കേരളത്തെ ആകെ ബാധിക്കുന്ന പരിസ്ഥിതി വിഷയവും വികസന കാഴ്ചപ്പാടും തന്നെ ആണ്. ഭരണകൂടം, ജൂഷ്യറി, പൊതുജന താല്പര്യം എന്നിവ കൂടി ഈ വിഷയത്തിൽ അന്തർലീനമായിരിക്കുന്നു. എഴുപതുകളിൽ ആരംഭിച്ച മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ ഒരു ദുർഗർഭ സന്തതി ആണ്. അടുത്തിടെ ഉയർന്നു വന്ന ഫ്ലാറ്റ് സംസ്കാരവും പരിസ്ഥിതിയെ മുഖവിലക്കെടുക്കാതെ ഉള്ള ഫ്ലാറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണങ്ങളും, ഉല്പാദന മുരടിപ്പിൽ അന്യം നിന്ന് പോയ ഒരു സംസ്ഥാനത്തേക്കു ഒഴുകിയെത്തിയ ശതകോടിക്കണക്കിന് പണം ദൗർഭാഗ്യവശാൽ കേരളത്തിന്റെ ഉല്പാദന പ്രത്യുൽപാദന മേഖലകളിൽ വിന്യസിക്കപെട്ടിരുന്നില്ല. അവ ഇത്തരം ഫ്ലാറ്റ്, ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിലും, ആഡംബര ഭവന നിർമാണത്തിലും പെട്ട് പ്രത്യുല്പാദന പരമല്ലാതായി മാറുകയാണ് ഉണ്ടായതെന്നും സംവാദം ചൂണ്ടിക്കാട്ടി. പരിമിതി മറികടക്കാനുള്ള കിഫ്‌ബി പോലുള്ള പദ്ധതികളും , കെ എസ് എഫ് ഇ പ്രവാസി ചിട്ടിയും, പുതിയ വ്യവസായങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളും ശുഭ സൂചനകൾ ആണ്.

   നിയമങ്ങളുടെ അപരാപ്തതയും, നിലവിലെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വിമുഖതയും, സംരംഭകരുടെ കാഴ്ചപ്പാടും ,ഉദ്യാഗസ്ഥ മനോഭാവവും  ഈ വിഷയത്തിൽ പ്രധാനം ആണെന്ന് പ്രമുഖ സാമൂഹ്യ നിരീക്ഷകനായ എൻ പി ബഷീർ ചൂണ്ടിക്കാട്ടി. മരടിൽ അതി ഭീകര നിയമലംഘനം ഉണ്ടായിട്ടും മാധ്യമങ്ങളുടെ നിലപാട് മറ്റൊരു രീതിയിൽ ആയിരുന്നു. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും വാസ്തവത്തിൽ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും അജണ്ട മാറ്റുകയാണ് എന്നും  അദ്ദേഹം ആരോപിച്ചു.

ആന്തൂർ മരട് എന്നിവിടങ്ങളിലെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട പാഠം തെറ്റായ രീതിയിൽ പോകുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ നിലക്ക് നിർത്തുക എന്നതാണ് എന്ന് ഒ ഐ സി സി ഗ്ലോബൽ സെക്രെട്ടറി കെ സി ഫിലിപ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പരിസ്ഥിതി പോലുള്ള  പൊതു പ്രശ്നങ്ങളിൽ യോജിച്ച നിലപാട് കൈക്കൊള്ളേണ്ടതായുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളുടെ കാമ്പ് ചർച്ച ചെയ്യാതെ പറഞ്ഞു പറഞ്ഞു ഒരു വൈകാരിക പരിസരം ഉണ്ടാക്കുകയും പിന്നീടുള്ള കാര്യങ്ങൾ ആ വൈകാരിക പരിസരത്തിൽ മാത്രം നിന്ന് കൊണ്ട് ചർച്ച ചെയ്യുകയും ചെയ്യുന്ന പ്രവണത ആണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് മാധ്യമ പ്രവർത്തകൻ കൂടി ആയ ഷാഫി വയനാട് ചൂണ്ടിക്കാട്ടി. തന്റെ സ്വന്തം നാട്ടിൽ കളിച്ചു വളർന്ന ഭൂപ്രദേശം ആകെ ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഇല്ലാതായ ഒരു ബഹ്‌റൈൻ പ്രവാസി പങ്കുവെച്ച അനുഭവങ്ങൾ ഏറെ വൈകാരികം ആയി തന്നെ അദ്ദേഹം അവതരിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞ സംവാദത്തിൽ ഡി സലിം മോഡറേറ്റർ ആയിരുന്നു . പി ടി നാരായണൻ, ഇ എ സലിം, തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.