സഖാവ് സി.എച്ച് കണാരൻ വിടവാങ്ങിയിട്ട് 47 വർഷം: ഓർമ്മ പുതുക്കി ബഹ്റൈൻ പ്രതിഭ

മനാമ: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ അന്തരിച്ചിട്ട് 47 വർഷം തികഞ്ഞ  ഒക്ടോബര് 20  ന് ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സി.എച്ച്. കണാരൻ സ്മരണ പുതുക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20 നായിരുന്നുഅദ്ദേഹം അന്തരിച്ചത്.

കമ്യൂണിസ്റ്റ് ധീരതയുടെയും ബഹുജന സംഘാടകത്വത്തിന്റെയും സമാനതകളില്ലാത്ത മുഖമായിരുന്നു സി എച്ചിന്റേത്. കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനവേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സി എച്ചിൽ സ്വാധീനം ചെലുത്തി. അതുവഴിയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെടുന്നത്. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകവൃത്തിക്കൊപ്പമായിരുന്നു രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിനു കഴിഞ്ഞു. അക്കാലത്തുയർന്നുവന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളേറ്റെടുക്കാൻ സി എച്ചും സഹപ്രവർത്തകരും സജീവമായി മുൻനിരയിലുണ്ടായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചിരുന്നു. ജാത്യാചാരങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരായ ആദ്യകാല  പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. അക്കാലത്ത് റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു സി എച്ച്
ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും ചവിട്ടിയരയ്ക്കപ്പെടുന്ന വർത്തമാനകാലത്ത്  സി എച്ച് സ്മരണ പോരാട്ടങ്ങൾക്ക് ശക്തി പകരും എന്ന് ബഹ്‌റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി . പ്രതിഭ ആസ്ഥാനത്തു നടന്ന അനുസ്മരണ ചടങ്ങിൽ പി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു. പ്രതിഭ ജോയിന്റ് സെക്രെട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞു . ഷെരിഫ് കോഴിക്കോട് ആനുകാലിക വിശദീകരണവും, മഹേഷ് മൊറാഴ സി എച്ച് കണാരൻ അനുസ്മരണ പ്രഭാഷണവും നടത്തി.