പ്രവാസി നിക്ഷേപം: ഡയസ്‌പോര ബോണ്ട് ഇറക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

pinarayi

പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ‘ഡയസ്‌പോര’ ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ പ്രവാസികളും കേരള വികസനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് സുരക്ഷിതമായും ആകര്‍ഷകമായും നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്.  പ്രവാസികളെ സംബന്ധിച്ച് കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനും സുരക്ഷിതമായി നിക്ഷേപം നടത്താനുമുള്ള പുതിയ രൂപമായി ഡയസ്പോര ബോണ്ടിനെ കാണാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  റെയില്‍വെയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 65,000 കോടി ചെലവു വരും.  ഇത്തരം പദ്ധതികള്‍ക്ക് പണം കെണ്ടെത്താന്‍ പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്താന്‍ കഴിയും. ആ നിലയിലാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് ആലോചിക്കുന്നത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് വലിയ വികസന പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.  അതില്‍ പ്രവാസി സംരംഭങ്ങള്‍ക്ക് മാത്രമായി പ്രത്യേക മേഖലയുണ്ടാകും. ചെറുകിടക്കാരായ പ്രവാസികളുടെ നിക്ഷേപവും സംരംഭവും കൂടുതല്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കും. നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ആകര്‍ഷകമായ വരുമാനം ലഭിക്കുമെന്നും ഉള്ളതിന്റെ തെളിവാണ് സിയാല്‍.  കഴിഞ്ഞ വര്‍ഷം 27 ശതമാനം ഡിവിഡണ്ടാണ് ആ കമ്പനി നല്‍കിയത്.  പ്രവാസികളായ വനിതകളുടെ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും.  വനിതാ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കാനുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കും.

പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ച് അടിസ്ഥാന സൗകര്യവികസനത്തിനും വ്യവസായവാണിജ്യ പദ്ധതികള്‍ക്കും വിനിയോഗിക്കാനാണ് ലോക കേരള സഭയുടെ ശുപാര്‍ശ പ്രകാരം ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്റ് കമ്പനി രൂപീകരിച്ചത്.  വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഈ കമ്പനി ആവിഷകരിക്കുന്ന പദ്ധതികളില്‍ ഒന്നാണ്.

ഇത്തരം സംരംഭങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കാളികളാകാന്‍ കഴിയും.
ടൂറിസം മേഖലയില്‍ കേരളത്തിന് അനന്തമായ സാധ്യതകളാണുള്ളത്. എന്നാല്‍ ഈ സാധ്യതയുടെ ചെറിയ അംശം മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളു. ഒരാള്‍ക്ക് ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ കേരളത്തില്‍ വരണം. അതായത് മൂന്നരക്കോടി ടൂറിസ്റ്റുകള്‍.

പുഷ്പ കൃഷിയിലും ഔഷധ സസ്യകൃഷിയിലും കേരളത്തിന് വന്‍ സാധ്യതയാണുള്ളത്.  നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നമുക്കുണ്ട്.  വിദേശത്തേക്ക് പൂക്കള്‍ കയറ്റി അയക്കാന്‍ അതുവഴി കഴിയും. യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടെങ്കില്‍ ഈ സാധ്യത വര്‍ധിക്കും. പുഷ്പ കൃഷിയിലും സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ പങ്കാളികളാകാന്‍ കഴിയും.  പച്ചക്കറി കൃഷിയും പുഷ്പ കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് കോള്‍ഡ് സ്റ്റോറേജ് ശൃംഖല സര്‍ക്കാര്‍  ഏര്‍പ്പെടുത്തും.  ഔഷധ സസ്യ കൃഷി വലിയ തോതില്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്‍കിയത് പ്രവാസികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് സിസ്റ്റം കേരളത്തിലാണ്. ഇതിലും പ്രവാസികള്‍ക്ക് പങ്ക് വഹിക്കാനാവും. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന പരിപാടിയില്‍ ട്വിറ്ററിന്റെ സഹസ്ഥാപകന്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇത്തരത്തില്‍ പല ആഗോള കമ്പനികളും ഈ മേഖലയില്‍ നിക്ഷേപത്തിന് തയ്യാറാണ്. പ്രവാസികള്‍ നിക്ഷേപിക്കുന്ന പണത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. പൂര്‍ണ ഗ്യാരണ്ടിയുണ്ടാവും. ബാങ്ക് നിക്ഷേപത്തിനേക്കാള്‍ മികച്ച നേട്ടം ഇതിലൂടെ ലഭിക്കും.
കേരളത്തിലെ തൊഴില്‍ ബന്ധം ഇപ്പോള്‍ മാതൃകാപരമാണെന്നാണ് വലിയ നിക്ഷേപകരുടെ അഭിപ്രായം. നോക്കുകൂലി ഉള്‍പ്പെടെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതോടെ മികച്ച സാഹചര്യം ഒരുങ്ങി. ചില ഉദ്യോഗസ്ഥര്‍ നാടിന്റെ താത്പര്യം മനസിലാക്കാതെ തെറ്റായ ചില നടപടികള്‍ സ്വീകരിക്കുന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. നിക്ഷേപകര്‍ക്ക് കേരളത്തില്‍ മുതല്‍മുടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി. വി. അബ്ദുള്‍ വഹാബ് എം. പി, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്റ് കമ്പനി വൈസ് ചെയര്‍മാന്‍ ഒ.വി. മുസ്തഫ, സി. ഡി. എസ് പ്രൊഫസര്‍ ഡോ. ഇരുദയരാജന്‍, സംരംഭക ഷാഫീജ പുലാക്കല്‍, ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ഐസക്ക് ജോണ്‍ പട്ടാണിപറമ്പില്‍, വനിതാ സംരംഭക മനീഷ പണിക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!