bahrainvartha-official-logo
Search
Close this search box.

‘പവിഴ ദ്വീപിലെ പൂർണ്ണ ചന്ദ്രൻ’: ചന്ദ്രൻ തിക്കോടിക്ക് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ ആദരമായി പുസ്തക പ്രകാശനവും യാത്രയയപ്പും നാളെ(ശനി)

Screenshot_20191025_192707

മനാമ: നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടയിൽ വേറിട്ട മുഖമായ, കോഴിക്കോട് സ്വദേശി ചന്ദ്രൻ തിക്കോടിക്ക് ബഹ്റൈൻ പ്രവാസി സമൂഹം ഒരുക്കുന്ന യാത്രയയപ്പ് നാളെ ( 26/10/2019,ശനി) വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ‘ഹോപ് ബഹ്റൈൻ’ ഭാരവാഹികൾ അറിയിച്ചു. ‘ചന്ദ്രേട്ടന് പവിഴ ദ്വീപിന്റെ യാത്രയയപ്പ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി . സമാജം പ്രസിഡണ്ട് ശ്രീ. പി.വി രാധാകൃഷ്ണപിള്ള ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രവർത്തകരും, സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

ചന്ദ്രൻ തിക്കോടി സ്ഥാപക നേതാവും, രക്ഷാധികാരിയുമായ, ‘പ്രതീക്ഷ ബഹ്‌റൈൻ’ (HOPE) എന്ന ജീവകാരുണ്യ കൂട്ടായ്‌മയാണ് പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഓർമ്മകൾ, വരും തലമുറയ്ക്ക് പ്രചോദനവും മാതൃകയുമായി നിലനിൽക്കുക എന്ന ഉദ്ദേശത്തോടെ സഹപ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും ചന്ദ്രേട്ടനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘പവിഴ ദ്വീപിലെ പൂർണ്ണ ചന്ദ്രൻ’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറു പുസ്‌തകത്തിന്റെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും.

ചന്ദ്രൻ തിക്കോടി

ചന്ദ്രൻ തിക്കോടി തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് യാത്രയാവുമ്പോൾ, അത് ബഹ്‌റൈൻ പ്രവാസ സമൂഹത്തിനുണ്ടാക്കുന്ന നഷ്ട ബോധം ചെറുതല്ല. പ്രത്യേകിച്ച് ആരോരും തുണയില്ലാതെ സൽമാനിയ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ആവുന്ന രോഗികൾക്കും, ബന്ധുക്കളായി ആരോരുമില്ലാതെ പ്രവാസത്തിന്റെ ഒറ്റപ്പെടൽ അനുഭവിക്കുന്ന ജീവിതങ്ങൾക്കും ചന്ദ്രേട്ടൻറെ അഭാവം വലിയ വിടവാകും സൃഷ്‌ടിക്കുക. നീണ്ട മുപ്പത്തിയേഴു വർഷത്തെ പ്രവാസ ജീവിതത്തിൽ, ലേബർ ആയും, ഡ്രൈവറായും ജോലി ചെയ്‌ത ഇദ്ദേഹം, തന്റെ ജോലിക്ക് ശേഷമുള്ള സമയം സൽമാനിയ ഹോസ്പിറ്റലിലെ, സഹായിക്കാൻ ആരോരുമില്ലാത്ത രോഗികളെ ശുശ്രൂഷിക്കാൻ സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ പതിനാറ് വർഷമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, തന്റെ ദിവസവുമുള്ള സൽമാനിയ ഹോസ്പിറ്റൽ സന്ദർശനം മുടക്കാറേയില്ല. നിരാശ്രയരായ രോഗികളുടെ ആവശ്യം ചോദിച്ചറിഞ്ഞു, തന്നാലാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു കൊണ്ടും, കൂടുതൽ സഹായമാവശ്യമുള്ള അനാഥരായ രോഗികളുടെ അവസ്ഥ ബഹ്‌റൈനിലെ സന്നദ്ധ, ജീവകാരുണ്യ കൂട്ടായ്‌മയുടെ സഹായത്തോടെ എത്തിച്ചു കൊടുത്തുകൊണ്ടും ചന്ദ്രേട്ടൻ തന്റെ സേവന പാത തുടർന്നു വന്നിരുന്നു.

നാളെ വൈകിട്ട് 7 മണിക്ക് സമാജം ബാബുരാജ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തോടുള്ള സ്നേഹവും, ആദരവും പ്രകടിപ്പിക്കാനുള്ള ഈ അവസരം, ബഹ്‌റൈനിലെ എല്ലാ നല്ല വ്യക്തിത്വങ്ങളും വിനിയോഗിക്കണമെന്ന് സംഘാടകർ ബഹ്‌റൈൻ പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3305 7631 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!