പീപ്പിൾസ് ഫോറം ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അൽഹിലാലിൽ സൗജന്യ സ്തനാർബുദ പരിശോധനയും, ഗൈനക്കോളജി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ വനിതാ വിഭാഗവും ഗ്ലോബൽ മാസ്റ്റേഴ്സ്സും സംയുക്തമായി അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വനിതകൾക്കും, കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്കുമായി വിദഗ്ദ്ധ ഗൈനക്കോളജി കൺസൽറ്റന്റ് ഡോക്ടർ ദേവിശ്രീ രാധാമണിയുടെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനയും ഗൈനക്കോളജി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായും, കൗമാരപ്രായമായ പെൺകുട്ടികൾക്ക്‌ ഗൈനക്കോളജി സംബന്ധമായ പൂർണ്ണവിവരങ്ങൾ നൽകി ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയും ആണ് പരിപാടി സംഘടിപ്പിച്ചത്. അൽഹിലാലിന്റെ അദിലിയാ ബ്രാഞ്ചിൽ നടന്ന പരിപാടിക്ക് വനിതാവിഭാഗം കൺവീനർ രജനി ബിജു അസി. കൺവീനർ നീതു മനീഷ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജനാ ദിലീപ്, സജീനാ ആസാദ് എന്നിവർ നേതൃത്വം വഹിച്ചു.പങ്കെടുത്തവർക്കായി സൗജന്യ ബ്ലഡ് പ്രഷർ ,ഷുഗർ എന്നിവയുടെ പരിശോധനയും, അൽ ഹിലാലിന്റെ പ്രിവിലേജ് കാർഡ് വിതരണവും നടന്നു.