രണ്ട് ദിവസത്തിനിടയിൽ പ്രതീക്ഷയുടെ ഗൾഫ് കിറ്റുമായി നാട്ടിലേയ്ക്ക് മടങ്ങിയത് നാല് പേർ

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്‌മയായ ‘പ്രതീക്ഷ ബഹ്‌റൈൻ’ (ഹോപ്പ്) രൂപീകരണത്തിന് തന്നെ കാരണമായ ‘ഗൾഫ് കിറ്റ്’ എന്ന ആശയം മുൻനിർത്തി, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് പേർക്ക് ഗൾഫ് കിറ്റ് കൈമാറി. ജോലി സ്ഥലത്തെ പീഡനം മൂലം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഇന്നലെ നാട്ടിലേയ്ക്ക് യാത്രയായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാൻ എന്ന ചെറുപ്പക്കാരനും, കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ മൂന്നു പെയിന്റിങ് തൊഴിലാളികൾക്കുമാണ് പ്രതീക്ഷയുടെ ഗൾഫ് കിറ്റ് ആശ്വാസമായത്. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്ന ഈ തൊഴിലാളികൾ ദുരിതത്തിൽ നിന്നും മോചിതയായി നാട്ടിലേയ്ക്ക് യാത്രയാകുമ്പോൾ വെറും കൈയോടെയാണ് മടക്കം എന്ന് മനസിലാക്കിയ പ്രതീക്ഷയിലെ അംഗങ്ങൾ ‘ഗൾഫ് കിറ്റ്’ സമ്മാനിക്കുകയായിരുന്നു.

ഒട്ടേറെ പ്രതീക്ഷകളുമായി ബഹ്റൈനിലേയ്ക്ക് വരുന്നവരിൽ, ഹതഭാഗ്യരായ ഒരാളും വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങാനിട വരരുത് എന്ന ആഗ്രഹത്തിൽ പ്രതീക്ഷ (ഹോപ്പ്) കഴിഞ്ഞ നാല് വർഷത്തിലധികമായി, കുട്ടികൾക്കുള്ള ചോക്ലേറ്റ്സ്, കുടുംബാംഗങ്ങൾക്കുള്ള മറ്റു സമ്മാനങ്ങൾ തുടങ്ങിയവ അടങ്ങിയ ‘ഗൾഫ് കിറ്റ്’ എന്ന ആശയവുമായി മുമ്പോട്ട് പോകുന്നു.