നാട്ടുകൂട്ടം ബഹ്റൈൻ ‘ഡെത്ത് ഓഫ് സൊ ആൻഡ് സൊ’ ഹ്രസ്വ ചിത്രത്തിന്റെ  പ്രിവ്യു പ്രദർശനം സംഘടിപ്പിച്ചു

മനാമ: നാട്ടുകൂട്ടം ബഹ്റൈൻ അവതരിപ്പിച്ച ‘ഡെത്ത് ഓഫ് സൊ ആൻഡ് സൊ’ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ ഒന്നിന് ഹൂറയിലുള്ള അഷ്റഫ്സ് ഹാളിൽ മുന്നൂറിലേറെ വരുന്ന നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. പത്മശ്രീ ബാലചന്ദ്ര മേനോൻ മുഖ്യ അതിഥിയായിരുന്നു. രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിനെ അണിയറ പ്രവർത്തകർ പ്രധാനമായും ബഹ്‌റൈൻ പ്രവാസികളായിരുന്നു. ഇരുപതോളും മലയാളി കലാകാരന്മാർക്കിടയിൽ ബഹ്‌റൈനിലെ പ്രമുഖ സിനിമാ നാടക നടി ജയാ മേനോനും പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ പ്രമേയവും അവതരണ രീതിയും വളരെ വൈവിധ്യമാർന്ന ഒരനുഭവമായിരുന്നു സമ്മാനിച്ചതെന്നും നടിനടന്മാരെല്ലാരും തന്നെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നും ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു. തൻ്റെ അടുത്ത ചിത്രത്തിലേക്ക് അവരെ എല്ലാവരെയും സഹകരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ രാംഗോപാൽ മേനോൻ തൻ്റെ സ്വാഗത പ്രസംഗത്തിൽ ബഹ്‌റൈനിലെ കലാകാരൻമാരുടെ പുത്തൻ സിനിമ സംരംഭങ്ങൾ എല്ലാം തന്നെ മികച്ച നിലവാരങ്ങൾ പുലർത്തുന്നവയാണെന്നും നല്ല രീതിക്കു പ്രോഹത്സാപ്പിക്കപെട്ടാൽ അധികം വൈകാതെ തന്നെ മലയാള ഫീച്ചർ സിനിമകൾ ഇവിടെ നിന്ന് നിർമ്മിക്കപ്പെടുമെന്നതിൽ  യാതൊരു സംശയവും വേണ്ടെന്ന് അഭിപ്രായപ്പെട്ടു.

നിർമ്മാതാക്കളായ ജോർജ് തരകൻ, ഹരിദാസ് കൃഷ്ണൻ, പ്രശാന്ത് മേനോൻ, രാംഗോപിൽ മേനോൻ തുടങ്ങിയവരും സഹ നിർമ്മാതാവായ വിനോദ്‌ ദാസും മുഖ്യാഥിതിയുമായി വേദി പങ്കിട്ടു. ചടങ്ങിൽ പ്രശസ്ത നാടക സിനിമ നടി ജയാ മേനൊനെ ആദരിച്ചു. തുടർന്ന് പടത്തിൽ സഹകരിച്ച എല്ലാ നടി നടന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ബാലചന്ദ്രമേനോൻ മൊമെന്റോ നൽകി.