ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം: അനുബന്ധ പരിപാടികൾക്ക് തുടക്കമായി, സാഹിത്യ സംഗമം നാളെ(ശനി)

മനാമ: ബഹ്‌റൈൻ പ്രതിഭ 27-മത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി. ഫിലിം ക്ലബ് സാഹിത്യ വേദി എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉള്ള അനുബന്ധ പരിപാടികൾ ആണ് ആദ്യം നടക്കുന്നത്. ഇതിന്റെ ഭാഗം ആയി വ്യാഴാച്ച ആരംഭിച്ച സിനിമ പ്രദർശനം ഇന്നും തുടരും. സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഉള്ള സഹിത്യ സംഗമം നവംബർ 9 ശനിയാഴ്ച വൈകിട്ട് സിസിനിയാ ഗാർഡനിൽ നടക്കും. ഇതിലേക്ക് ബഹ്‌റൈനിലെ സാഹിത്യ തല്പരരായ എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി കൺവീനർ അനഘ ഷിജോയ് അറിയിച്ചു. ‘എഴുത്തും കാലവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ചകൾ സംഘടിപ്പിച്ചിട്ടുള്ളത്.

മാതൃഭൂമി ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ കമൽറാം സജീവ് , കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അമരക്കാർ എ കെ അബ്ദുൾ ഹക്കീം, ഇസ്മായിൽ .എം എന്നിവർ അതിഥികളായെത്തുന്ന പരിപാടി വായനക്കാർക്കും, എഴുത്തുകാർക്കും ആസ്വാദകർക്കും നല്ല ഒരു അനുഭവമായിരിക്കും എന്നും ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അറിയിച്ചു.