മനാമ: പ്രവാസ ലോകത്തിന് ഉത്സവ ലഹരി സമ്മാനിച്ച സോപാനം വാദ്യകലാ സംഗമം ശ്രദ്ധേയമായി. ബഹ്റൈൻ സോപാനം വാദ്യകലാ സംഘം കൂട്ടായ്മ രൂപീകൃതമായി പത്തുവർഷം പിന്നിടുന്ന വേളയിലായിരുന്നു അതിവിപുലമായ മേളപ്പെരുമ തീർത്തത്. നവംബർ 8, 9 തീയതികളിൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന വാദ്യഘോഷത്തിൽ അഞ്ഞൂറിലധികം കലാകാരന്മാർ അരങ്ങിൽ വിസ്മയം തീർത്തു. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ വാദ്യമാമാങ്കം വീക്ഷിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 50 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമായി ഒരുങ്ങിയ വേദിയും പ്രൗഢി വിളിച്ചോതിയ കൊമ്പൻമാരുടെ ശിൽപങ്ങളും ആസ്വാദകർക്ക് വേറിട്ട അനുഭവമായിരുന്നു.
നവംബർ 8 ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്ത വാദ്യ സംഗമത്തിൽ സോപാനം പത്താം വാർഷിക സുവനീറായ ‘തൗര്യത്രികം’ സിനിമാ താരം മനോജ് കെ ജയൻ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന കേളി, സോപാനസംഗീതം തുടങ്ങി അപൂർവ്വമായ ഇരട്ട പന്തി പഞ്ചാരിമേളവും ആദ്യ ദിനത്തെ പരിപാടി വർണാഭമാക്കി.
നവംബർ 9 ന് കൊമ്പു പറ്റും കുഴൽപറ്റുമായി ആരംഭിച്ച ഉത്സവമേളത്തിൽ പല്ലാവൂർ ശ്രീധരനും കോട്ടക്കൽ രവിക്കും ഒപ്പം സോപാനത്തിലെ ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ അഭ്യസിച്ച പഠിതാക്കളടങ്ങുന്ന 200 ലധികം പേർ ഒരുമിച്ച പഞ്ചവാദ്യവും ശ്രദ്ധേയമായി. പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സദസിന് കുളിർമയും പുതിയൊരു അനുഭൂതിയും പകർന്നു.
https://www.facebook.com/BahrainVaartha/videos/865893993827368/
പത്മശ്രീ ശങ്കരൻ കുട്ടി മാരാരും സിനിമാതാരം പത്മശ്രീ ജയറാമും ഒത്തൊരുമിച്ച് നിരവധി വാദ്യകലാകാരൻമാർ അണിനിരന്ന പാണ്ടിമേളം എന്നറിയപ്പെടുന്ന ‘ഇലഞ്ഞിത്തറമേള’മായിരുന്നു സമാപന ദിവസത്തെ പ്രധാന ആകർഷണം. ഇന്ത്യൻ സ്കൂൾ മൈതാനത്ത് തടിച്ച് കൂടിയ ആയിരക്കണക്കിന് ആസ്വാദകരെ സാക്ഷിനിർത്തി ഒരു മണിക്കൂറിലധികം നീണ്ട മേളം സമ്മാനിച്ചത് ആവേശക്കൊടുമുടി തീർത്ത ഉത്സവ ലഹരിയായിരുന്നു.
https://www.facebook.com/BahrainVaartha/videos/493154107954937/
പരിപാടിയോടനുബന്ധിച്ച് കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ആദ്യ വിദേശ ഘടകത്തിന്റെ ഉദ്ഘാടനവും വേദിയിൽ നടന്നു. സോപാനം പത്താം വാർഷികം പ്രമാണിച്ച് പ്രഖ്യാപിച്ച ഇന്ത്യൻ സ്കൂളിലെ നിർധനരായ പത്ത് വിദ്യാർഥികൾക്കുള്ള ധനസഹായം വേദിയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന് കൈമാറി. പ്രവേശനം സൗജന്യമായിരുന്ന പരിപാടിയിലേക്ക് ജാതിമത ഭേദമന്യേ ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് പ്രവാസ മണ്ണിൽ സോപാനം ഒരുക്കിയ ഉത്സവ ലഹരി നവ്യാനുഭവം സമ്മാനിച്ചു.