മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ഭാഷാ പ്രശ്നോത്തരിയിൽ രജിത അനി, പി.പി.സുരേഷ്, പ്രസീന സോണി, മിഷ നന്ദകുമാർ , രേഷ്മ വിപിൻ എന്നിവർ വിജയികളായി.
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ ലോകമെമ്പാടുമുള്ള പoന കേന്ദ്രങ്ങളിൽ നടത്തുന്ന വിവിധങ്ങളായ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി സംഘടിപ്പിച്ചത്. ബഹ്റൈനിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള എഴുപതോളം അധ്യാപകർ പ്രശ്നോത്തരിയിൽ പങ്കെടുത്തു.
ബഹ്റൈൻ ചാപ്റ്ററിനു കീഴിലെ പാഠശാലകളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളപ്പിറവിദിനത്തിൽ വിപുലമായ മായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മലയാളം മിഷൻ പാഠശാലകളിലെ വിദ്യാർത്ഥികളുടെ സ്വന്തം കവിതകൾ അവതരിപ്പിക്കുന്ന “കുട്ടിക്കവിയരങ്ങ്”, മലയാളം മിഷൻ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭാരവാഹികൾ എന്നിവർ ചേർന്ന് തികച്ചു അനൗപചാരികവും സൗഹൃദപരവുമായ “ഒന്നിച്ചിരിക്കാം” എന്ന കൂടിച്ചേരൽ, പഠിതാക്കൾക്കായി വിവിധ കലാ-കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ഭാഷയും സംസ്കാരവും വികസിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ കേരളപ്പിറവി ദിനാചരണത്തിന്റെ അനുബന്ധ പരിപാടികളായി നടത്തുമെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള സെക്രട്ടറി ബിജു.എം.സതീഷ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.