ബഹ്റൈനിൽ ആദ്യമായി റോബോട്ടിക്സ് ക്ലബ്ബിന് തുടക്കം കുറിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ

Inaugural ceremony

മനാമ: റോബോട്ടിക് പ്രോജക്ടുകളിൽ പ്രവർത്തിച്ച് വിദ്യാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ രൂപകൽപ്പനയിലെ താൽപ്പര്യം പിന്തുടരാനുള്ള അവസരം നൽകിക്കൊണ്ട് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) റോബോട്ടിക്‌സ് ക്ലബ്ബിനു തുടക്കമിട്ട്. ബഹ്റൈനിലെ സി.ബി.എസ്.ഇ  സ്‌കൂളുകളിൽ ആദ്യത്തെ റോബോട്ടിക്‌സ് ക്ലബ്ബാണ് ഇന്ത്യൻ സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ശനിയാഴ്ച്ച രാവിലെ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ  കാമ്പസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ  റോബോട്ടിക് ക്ലബ് ഉദ്ഘാടനം ചെയ്തു.

തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ടാലിയ ഗ്ലോബൽ സൊല്യൂഷൻസ് (ടിജിഎസ്) ചെയർമാൻ സോമൻ ബേബി എന്നിവർ  പങ്കെടുത്തു.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ അവസരങ്ങൾ നേടാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കുന്ന നൂതന പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഇന്ത്യൻ സ്‌കൂൾ റോബോട്ടിക് ക്ലബിന്റെ ലക്ഷ്യം. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏർപ്പെടുത്തിയതായി സി. ബി.എസ്.ഇ   നേരത്തെ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് റോബോട്ടിക്സ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

വിവര സാങ്കേതിക മേഖലയിൽ  സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ യുവതലമുറ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പറഞ്ഞു. റോബോട്ടിക് മത്സരങ്ങളിലൂടെ യുവജനങ്ങൾ അവരുടെ പ്രശ്‌നപരിഹാര കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ പ്രധാനമാണ്. കാരണം വിദ്യാഭ്യാസം, ആശയവിനിമയം, ശാസ്ത്രീയ പുരോഗതി എന്നിങ്ങനെയുള്ള ആധുനിക സമൂഹത്തിന്റെ പല സുപ്രധാന മേഖലകളിലും ഇത് ഉപയോഗപ്പെടുന്നു.  കമ്പ്യൂട്ടറുകൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നിരിക്കുന്നു. സാങ്കേതിക വിദ്യ സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മിക്ക ആളുകൾക്കും ആശ്രയിക്കാവുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നതായി അംബാസഡർ പറഞ്ഞു. അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ഇന്ത്യൻ സ്കൂളിന്റെ മികവിനെ അംബാസഡർ അഭിനന്ദിച്ചു.

ആദ്യത്തെ റോബോട്ടിക് ക്ലബ് ആരംഭിക്കുന്നതിൽ ഇന്ത്യൻ സ്കൂളിന് പ്രചോദനമായത് ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെ മാർഗ നിർദേശങ്ങളാണെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ സ്കൂൾ മേളയിൽ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ സമ്പുഷ്ടമാക്കുന്നതിനായി ഒരു റോബോട്ടിക് ക്ലബ് ആരംഭിക്കാൻ അംബാസഡർ നിർദ്ദേശിച്ചതായി പ്രിൻസ് നടരാജൻ അനുസ്മരിച്ചു.

പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ടാലിയ ഗ്ലോബൽ സൊല്യൂഷൻസ് ചെയർമാൻ സോമൻ ബേബി അനുമോദന പ്രസംഗം നടത്തി. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ റോബോട്ടിക് ക്ലബിലെ അംഗങ്ങളാണ്. വിദ്യാർത്ഥികൾക്ക് റോബോട്ടിക് കഴിവുകളും പരിശീലനവും നൽകുന്നത് ഇന്ത്യൻ സ്കൂൾ ടാലിയ ഗ്ലോബൽ സൊല്യൂഷനുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട് . ഉദ്ഘാടന ചടങ്ങിൽ ടാലിയ ഗ്ലോബൽ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അബ്രഹാം മാത്യു, ഡയറക്ടർമാരായ ജിജു വർഗീസ്, മോഹൻ ജോസയ, പരിശീലക ചിത്ര കൃഷ്ണസ്വാമി എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ റോബോട്ടിക്‌സ് ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി പയസ് മാത്യു, ഫിസിക്‌സ് വകുപ്പ് മേധാവി സുദിപ്തോ  സെൻ ഗുപ്ത എന്നിവരാണ്. നേരത്തെ അംബാസഡറെ സ്‌കൂൾ ബാൻഡിലെ അംഗങ്ങളും സ്കൗട്ടുകളും ഗൈഡുകളും വരവേറ്റു. ഇന്ത്യൻ സ്‌കൂളിന്റെ റോബോട്ടിക് ക്ലബ് പ്രവർത്തനങ്ങളും പരിശീലനവും വാരാന്ത്യ അവധി ദിവസങ്ങളിലോ സ്കൂൾ സമയത്തിന് ശേഷമോ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!