പ്രവാസികളുടെ മൃതദേഹനിരക്ക്; യാത്ര സമിതി സുപ്രീംകോടതി കേസിൽ പങ്കാളിത്തമടക്കമുള്ള നടപടികളിൽ ഇടപെടും

മനാമ: മൃതദേഹം തൂക്കിനോക്കി ചാർജ് ഈടാക്കുന്ന നടപടിക്രമം അവസാനിപ്പിക്കുന്ന രീതി എയർഇന്ത്യ പിൻവലിച്ചതിനെ യാത്രാ സമിതി സ്വാഗതം ചെയ്തു, സമാനമായി എല്ലാ വിമാനക്കമ്പനികളും നിശ്ചിത നിരക്കിൽ മൃതദേഹം തൂക്കി നോക്കാതെ കൊണ്ടുപോകണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. ബഹ്റൈനിൽ, യാത്ര സമിതി ഈ പ്രശ്നം ഉന്നയിച്ച് പലപ്പോഴായി കേന്ദ്ര – കേരള ഭരണ നേതൃത്വവുമായും, എയർ ഇന്ത്യ അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

യാത്ര സമിതി മുൻപ് എയർ ഇന്ത്യ ബഹ്‌റൈൻ മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ 100 കിലോയിൽ കൂടുതലുള്ള ചാർജ് മൃതദേഹങ്ങൾക്ക് ഇടക്കിയിരുന്നില്ല. എയർ ഇന്ത്യയുടെ ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള നിരക്ക് കൃത്യമായി അറിയുന്നതിന് യാത്ര സമിതി എയർ ഇന്ത്യ ബഹ്‌റൈൻ കൺട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫയൽ ചെയ്ത കേസിൽ കക്ഷി ചേർന്ന് പ്രവാസികൾക്ക് അനുകൂലമായി സൗജന്യമായോ സാധാരണ ഒരാളുടെ യാത്രാനിരക്കിലോ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാഹചര്യം ഒരുക്കുന്നതിന് യാത്ര സമിതി കഴിയാവുന്ന മുഴുവൻ കാര്യങ്ങൾക്കും ബഹ്‌റൈൻ പ്രവാസി സമൂഹത്തിനു വേണ്ടി മുൻകൈ എടുക്കുമെന്നും യാത്ര സമിതി ഭാരവാഹികൾ അറിയിച്ചു.