സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയാത്ത സംസ്ഥാന ഗവണ്മെന്റ് സമ്പൂർണ്ണ പരാജയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മനാമ: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന ഗവണ്മെന്റ് അടിയന്തിരമായി തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. രാഷ്ട്രീയ പ്രതിസന്ധി എവിടെ ഉണ്ടോ അവിടെ വികസനം താഴേക്ക് പോകുമെന്നും, ലോക സാഹചര്യങ്ങളും ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നമ്മൾ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനത്തു ശബ്ദഘോഷങ്ങൾ മാത്രമാണ് നടക്കുന്നത്, ഇത് കൊണ്ട് നാടിന് ശബ്ദമലിനീകരണമല്ലാതെ ഒരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.

പത്തൊൻപത് മാസമാണ് ഈ ഗവൺമെന്റിന് ഇനി കാലാവധി. അതിനിടയിൽ രണ്ടു തിരഞ്ഞെടുപ്പുകൾ നടക്കണം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും, നിയമസഭ തിരഞ്ഞെടുപ്പും. ഇതിന് രണ്ടിനും കൂടി ആറുമാസക്കാലത്തെ പെരുമാറ്റച്ചട്ടം നിലവിൽ വരും. പിന്നീട് വികസന പ്രവർത്തനം നടത്താൻ ആകെകൂടി ഒരു വർഷം മാത്രമാണ് കാലാവധി. ഇപ്പോൾ ഒരു ശരാശരി മലയാളിയുടെ പ്രതിശീർഷ കടം ഒരു ലക്ഷത്തി അറുപതിനാലായിരം രൂപയാണ്. അൻപത് വർഷം തിരിച്ചടച്ചാലും തീരാത്തകടത്തിലേക്കാണ് ഗവണ്മെന്റ് നമ്മളെ കൊണ്ടുപോകുന്നത്. പ്രവാസികളായ നിങ്ങളും അടക്കുന്ന നികുതിപണമാണ് ഇതിനൊക്കെ വിനിയോഗിക്കുന്നതെന്നും ദീർഘവീക്ഷണം ഉള്ള ഗവമെന്റാണ് നാടിന് ആവശ്യമെന്നും കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി പൂട്ടിഇടേണ്ട അവസ്ഥയാണ്. 99 ൽ ഇടതു പക്ഷ ഗവണ്മെന്റിന്റെ കാലത്ത് ഗവണ്മെന്റ് കൊടുത്ത ചെക്ക് കൾക്ക് പേപ്പറിന്റ വിലപോലും ഇല്ലാതായ അവസ്ഥ നമ്മൾക്ക് മുന്നിലുണ്ട്. അതേ സാഹചര്യം ആണ് ഇപ്പോളും ഉള്ളത്. ധൂർത്ത്‌ അവസാനിപ്പിക്കാൻ ഒരു കാര്യവും ചെയ്യുന്നില്ല. സംസ്ഥാനത്ത്‌ ഇരുപത് മന്ത്രി മാരാണുള്ളത്, കൂടാതെ അഞ്ച് പേർക്ക് മന്ത്രി സ്ഥാനം പതിച്ചു കൊടുത്തിരിക്കുന്നു. പന്ത്രണ്ട് ആളുകളെ വരെയാണ് ഉപദേശകരായി കൂടെ കൂട്ടിയിട്ടുള്ളത്. ഉപദേശകരുടെ എണ്ണം കൂട്ടി ധനസ്ഥിതി മോശം ആകുകയല്ലാതെ, സംസ്ഥാനത്തിന് ഒരു ഉപദേശവും ലഭിക്കുന്നില്ല.പുതിയ പദ്ധതികളെ പറ്റി വാചാലമായി പ്രഖ്യാപനങ്ങൾ നടത്തുന്നു എന്നല്ലാതെ കേരളീയ ജനസമൂഹത്തിന്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കാര്യവും ചെയ്യുന്നില്ല.
സംസ്ഥാനത്തെ തകർത്തു കളഞ്ഞ പ്രളയം ഉണ്ടായിട്ട്, പ്രവാസി സംഘടനകൾ അടക്കം ദുരിതാശ്വാസ ഫണ്ടിലേക്ക് നാലായിരത്തി എഴുന്നൂറ് കോടി രൂപ സംഭവചെയ്തു. അതിൽ രണ്ടായിരം കോടി രൂപ നാളിത് വരെ ചിലവഴിച്ചിട്ടില്ല. പാവപ്പെട്ട ആളുകൾക്ക് വീട് നഷ്ട്ടപെട്ടു,അങ്ങനെ ഉള്ളവർക്ക് പണം നൽകുന്നില്ല, പകുതി വീട് പണി കഴിഞ്ഞു കിടക്കുന്ന ആളുകൾ ബാക്കി പൂർത്തിയാക്കുവാൻ സാധിക്കാതെ വരുന്നു.
സ്റ്റേറ്റ് വണ്ടികൾ തലങ്ങും, വിലങ്ങും ഓടുന്നു, മുൻ ഗവണ്മെന്റിന്റെ പദ്ധതികൾ ഉത്ഘാടനം ചെയ്യുന്നു. അല്ലാതെ സംസ്ഥാനത്തിന് ഗുണകരമായ ഒരു പദ്ധതിപോലും തുടങ്ങുവാൻ സാധിച്ചിട്ടില്ല. കോടികൾ മുടക്കി ലോകകേരള സഭ കേരള സഭയുടെ മീറ്റിങ്ങുകൾ നടക്കുന്നു. ഇവിടെയുള്ള ലേബർ ക്യാമ്പ്കളിൽ കഴിഞ്ഞു കൂടുന്ന പാവപ്പെട്ട പ്രവാസികളെ പറ്റിയുള്ള ഒരു ചർച്ചയും അവിടെ നടക്കുന്നില്ല. മരുഭൂമിയിലെഏതെങ്കിലും പ്രാന്ത പ്രദേശങ്ങളിൽ കഴിഞ്ഞു കൂടുന്ന ആളുകളെ കണ്ടതായി ഭാവിക്കുന്നില്ല. വലിയ പ്രചരണം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് അവിടെ നടക്കുന്നത്.

കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ഒരു രൂപ വിലക്ക് ആഴ്ചയിൽ ഇരുപത്തഞ്ച് കിലോ അരികൊടുത്തിരുന്ന സ്ഥലത്ത് ഇപ്പോൾ ആഴ്ചയിൽ രണ്ടു കിലോ അരിമാത്രമാണ് നൽകുന്നത്. പാവപ്പെട്ട ആളുകളെ കരുതുക എന്നുള്ളതാണ് ഗവണ്മെന്റ പ്രാഥമിക പരിഗണന നൽകേണ്ട കാര്യമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഞ്ഞടിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്, ഗ്ലോബൽ സെക്രട്ടറിയും, കല്ലട മണ്ഡലം പ്രസിഡന്റുമായ ചന്ദ്രൻ കല്ലട, ദേശീയ ജനറൽ സെക്രട്ടറി മാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, എന്നിവർ പ്രസംഗിച്ചു. ഒഐസിസി ദേശീയ നേതാക്കളായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം എന്നിവർ നേതൃത്വം നൽകി.