ബഹ്റൈൻ മലയാളി സമൂഹത്തിന് വേറിട്ട അനുഭവം സമ്മാനിച്ച് നിയാർക്ക് ‘അമ്മക്കൊരുമ്മ’

IMG-20191124-WA0082

മനാമ: കൊയിലാണ്ടി ആസ്ഥാനമായി ഭിന്ന ശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ ബോധവൽക്കരണ പരിപാടി “അമ്മക്കൊരുമ്മ” ബഹ്‌റൈൻ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായി. ബാൻ സാംഗ്‌ തായ്‌ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ കേരളാ ഹൈക്കോടതി ജസ്റ്റിസ് ഡോ: ബി. കെമാൽ പാഷ ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ പാരന്റ് കെയർ സൊസൈറ്റി ചെയർമാനും മുൻ പാർലമെന്റ് അംഗവുമായ ഹസൻ ഈദ് ബുക്കുമ്മാസ്, കെ.എം.സി.സി പ്രസിഡന്റ് എസ്.വി.ജലീൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, എന്നിവർ സംസാരിച്ചു. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് അമ്മക്കൊരുമ്മ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയും, നിയാർക്ക് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.  അബ്ദുൽ മജീദ് തെരുവോത്തിനെ ചടങ്ങിൽ ആദരിച്ചു.

നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി.സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതവും, സുജിത്ത് പിള്ള നന്ദിയും രേഖപ്പെടുത്തി. ട്രെഷറർ അസീൽ അബ്ദുൾറഹ്മാൻ, ഓർഗനൈസ്റ്റിങ് സെക്രട്ടറി ഹനീഫ് കടലൂർ, അമ്മക്കൊരുമ്മ കൺവീനർ കെ.കെ. ഫറൂഖ്, ലേഡീസ് വിങ് കൺവീനർ മിനി മാത്യു എന്നിവരുടെ ചുമതലയിലുള്ള  കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിനോദ് നാരായണൻ യോഗ നടപടികൾ നിയന്ത്രിച്ചു.

അമ്മക്കൊരുമ്മയുടെ ഭാഗമായി, നാട്ടിലേക്ക് മുത്തശ്ശനോ മുത്തശ്ശിക്കോ കത്തെഴുതുന്ന മത്സരം നടത്തുകയുണ്ടായി. 7 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ വീണ കിഴക്കേതിൽ, ഹിബ കുണ്ടുകാവിൽ, ബെൻ ബിജു എന്നിവരും, സീനിയർ വിഭാഗത്തിൽ ജിബി റെജി, സെഹർബാൻ സമീർ, മസ്‌ന മുനീർ  എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ജസ്റ്റിസ് ഡോ: കെമാൽ പാഷ ട്രോഫികളും സർട്ടിഫിക്കറ്റും, അഞ്ജന ഗിരീഷ് , പദ്‌മപ്രിയ പ്രിയദർശിനി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക്  ഒയാസിസ്‌ ട്രാവെൽസ് പ്രതിനിധികൾ കേരളത്തിലേക്കുള്ള എയർ ടിക്കറ്റ് കൈമാറി. കത്തെഴുത്ത്  അന്യം നിന്നുപോകുന്ന ഇക്കാലത്ത് ഇത്തരം മത്സരങ്ങൾ മാതൃകാപരമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് പി.എൻ. മോഹൻരാജിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പങ്കാളിത്വ സർട്ടിഫിക്കറ്റ് നൽകുകയും, കത്തുകൾ എല്ലാം  അവരവർ നൽകിയ വിലാസത്തിൽ  നാട്ടിലെ കുടുംബ വീടുകളിലേക്ക് അയക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ  സംബന്ധിച്ചവരും എത്തിച്ചേരുവാൻ  സാധിക്കാത്തവരുമായ ബഹ്‌റൈൻ – ഇന്ത്യൻ വ്യവസായ പ്രമുഖർ ഉൾപ്പെടുയുള്ളവർ, ഭിന്ന ശേഷി കുഞ്ഞുങ്ങളെ നേരത്തെ  തിരിച്ചറിയുന്നതിനും തുടർ സഹായങ്ങൾ  ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്നതിനുമുള്ള  ഗവേഷണ സ്ഥാപനമായി ഉയർന്നുവരുന്ന നിയാർക്കിന് പിന്തുണ അറിയിച്ചു. മാസ സഹായമായും, ഒരു വർഷത്തേക്ക് ഒരു കുട്ടിയെ സ്പോൺസർ ചെയ്തും ഈ ഉദ്യമവുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധതയും പലരും അറിയിച്ചു. നാട്ടിൽ നിന്നും എത്തിയ നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് ഇക്കാര്യങ്ങൾ വിശദീകരിക്കുവാനായി നവംബർ 26 വ്യാഴാഴ്ചവരെ ബഹ്‌റൈനിൽ ലഭ്യമായിരിക്കും.  നിയാർക്കിനെ സഹായിക്കുവാനും ചേർന്ന് പ്രവർത്തിക്കുവാനും 33750999, 39853118 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!