മനാമ: ഓൾ കേരളാ ഡ്രൈവർ ഫ്രീക്കേഴ്സ് (എ.കെ.ഡി.എഫ്) ന്റെ രണ്ടാം വാർഷിക ആഘോഷം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്നു. പ്രവാസി കമീഷൻ- ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം, ബി.ഡി. കെ ബഹ്‌റൈൻ പ്രതിനിധികളായ സുരേഷ് പുത്തൻവിളയിൽ, സിജോ ജോസ് എന്നിവർ സംസാരിച്ചു. ഫിലിപ്പ് വർഗീസ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്മിൻ പാനൽ അംഗം സിദ്ധിൽ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു. മുഹമ്മദ് വടകര, അർഷാദ് ഖാൻ, ഷെറിൽ, ശ്രീജിത്ത്, രാജേന്ദ്രൻ, വിനോദ്, പ്രണവ്, അനീഷ്, നിഷാന്ത്, സിറാജ്, സി.പി രെഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
2015 ൽ വൈപ്പിൻ സ്വദേശിയായ ഷിബിൻ ജോസഫ് എന്ന ഡ്രൈവറുടെ മനസ്സിൽ ഉദിച്ച ആശയം ഇന്ന് രണ്ട് ലക്ഷത്തിലേറെ അംഗങ്ങൾ ഉള്ള കൂട്ടായ്മയായി എ. കെ. ഡി. എഫ് മാറിയിരിക്കുക്കയാണെന്ന് ഭാരവാഹികൾ അറിയിച്ചു.കേരള സർക്കാരിന്റെ “ഹൃദ്യം ” പദ്ധതിയുമായി സഹകരിച്ചു കൊണ്ട് ലൈഫ് സേവ് എമർജൻസി ആംബുലൻസുമായി ചേർന്ന് നവജാത ശിശുക്കളുൾപ്പെടെയുള്ള രോഗികളെ കേരളത്തിലെ അങ്ങേ അറ്റം മുതൽ റോഡ് സൈഡ് അസ്സിസ്റ്റൻസുമായി ഫ്രീക്കന്മാർ അണിനിരന്നു കൊണ്ട് 60ൽ കൂടുതൽ മിഷൻ വളരെ ഭംഗിയായി നിർവഹിച്ചു കഴിഞ്ഞു.
വണ്ടിയോടിക്കുന്നവർക്ക് അവശ്യ ഘട്ടങ്ങളിൽ പരസ്പര സഹായം നൽകുക, അംഗങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ, നിയമ അറിവുകൾ നൽകുക തുടങ്ങിയ ഉദ്ദേശത്തോടെ മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മയിൽ പങ്ക്ചേരുവാൻ താൽപര്യം ഉള്ളവർക്ക് സിദിൽ (6676 1227), അർഷാദ് ഖാൻ (36741825) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.