ഇന്ത്യയിൽ നിന്നും ലോകോത്തര നിലവാരമുള്ള ഇൻഫ്രാ സ്ട്രക്ച്ചറുകൾ പരിചയപ്പെടുത്തി ‘ഇന്ത്യൻ പ്രോപ്പർട്ടി ഷോ’ സമാപിച്ചു

മനാമ: റിയൽ എസ്റ്റേറ്റ് മേഖലകളിലെ ലോകോത്തര നിലവാരമുള്ള ഇൻഫ്രാ സ്ട്രക്ച്ചറുകൾ പരിചയപ്പെടുത്തിയ ഇന്ത്യൻ പ്രോപ്പർട്ടി ഷോ ശ്രദ്ധേയമായി. മനാമയിലെ ഗൾഫ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഷോ ദാദാഭായ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ദാദാഭായ് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള 35 ഓളം പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരുടെ സംഗമം അവിസ്മരണീയമാക്കിയ ഷോ ആധുനിക നിർമാണ രീതികൾ അവലംബിച്ചു കൊണ്ടുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇന്ത്യയുടെ പ്രൗഢി വിളിച്ചോതുന്നതാണെന്ന് ഉദ്‌ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.


മികച്ച ലോകോത്തര നിര്മാണരീതികളും ഗോവ, പൂനെ, അഹമ്മദാബാദ്, കോയമ്പത്തൂർ.. തുടങ്ങിയ ടയർ-2 നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ ഗണ്യമായ വളർച്ചയും മടങ്ങിവരവ് ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാൻ മികച്ച അവസരമാണ് ഷോ ഒരുക്കിയതെന്ന് സംഘാടകനും പ്രോപ്പർട്ടി വിദഗ്ധനുമായ മേഹുൽ വിത്തലാനി അഭിപ്രായപ്പെട്ടു.

മുംബൈയിൽ നിന്നുള്ള പ്ലാറ്റിനം ലൈഫ്, പൂനെയിൽ നിന്നുള്ള മന്ത്രി, എക്സെല്ല, അമനോറ പാർക് ടൗൺ ഗ്രൂപ്പുകൾ, ഗുജറാത്ത് സ്മാർട്ട് സിറ്റി പ്രൊജക്റ്റ് നിർമാതാക്കളായ ശോഭ ഡെവലപ്പേഴ്‌സ്, അഹമ്മദാബാദിൽ നിന്നുള്ള പ്രാരംഭ്, അരവിന്ദ് സമർത് സ്പേസസ്‌, കേരളത്തിൽ നിന്നുള്ള പുറവങ്കര, മറ്റു സൗത്തേൺ ബിൽഡേഴ്‌സായ മൾബെറി ഹോംസ്, കെൻറ് പ്രോപ്പർട്ടീസ്, ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്, വിശ്രാമം ബിൽഡേഴ്സ് ചെന്നൈയിൽ നിന്നുള്ള ടിവിഎസ് മുതലായവയായിരുന്നു ഇന്ത്യയിൽ നിന്നും ഷോ യിൽ പങ്കെടുത്ത പ്രമുഖ ഗ്രൂപ്പുകൾ. ഒപ്പം തന്നെ പോർച്ചുഗലിൽ നിന്നുള്ള റിട്ടയർമെന്റ് പ്രോപ്പർട്ടീസ്, ബഹറിനിൽ നിന്നുള്ള അവാർഡ് വിന്നിങ് ഗ്രൂപ്പായ പെഗാസസ് പ്രോപ്പർട്ടി, ഫുക്കറ്റിൽ നിന്നുള്ള ബന്യൻ ട്രീ സ്പാ, വെൽനെസ് പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് എന്നിവരുടെ മികച്ച നിർമാണങ്ങളുടെ പ്രദർശനവും മേളയിൽ ശ്രദ്ധേയമായിരുന്നു.