ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ കാമ്പയിൻ: ഏരിയ തല കലാമത്സരങ്ങൾ സംഘടിപ്പിച്ചു

മനാമ: ‘സ്ത്രീ, സമൂഹം, സദാചാരം’ എന്ന പ്രമേയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന  കാമ്പയിനിനോടനുബന്ധിച്ച് കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി കലാമത്സരങ്ങൾ സംഘടിപ്പിച്ചു . കുടുംബിനികൾക്ക് ഖുർആൻ പാരായണം, പുഡിങ് എന്നീ ഇനങ്ങളിലും, ടീനേജ് വിദ്യാർഥിനികൾക്ക് ഹെന്ന ഡിസൈനിങിലുമായിരുന്നു  മൽസരം. സിഞ്ചിലുള്ള ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടത്തിയ മനാമ ഏരിയ തല പരിപാടി  ഇബ്‌നുൽ ഹൈതം സ്‌കൂൾ പ്രധാന അധ്യാപിക ഷറഫുന്നിസ ടീച്ചർ  ഉദ്‌ഘാടനം ചെയ്തു. ധാർമ്മീക പരിതികൾ പാലിച്ചുകൊണ്ട് മക്കൾക്ക് ആത്മീയവും ഭൗതീകവുമായ വിദ്യാഭ്യാസം നൽകിക്കൊണ്ട് നന്മ നിറഞ്ഞ ആളുകളായി വളർത്തുവാൻ തയാറാവേണ്ടതുണ്ടെന്ന് അവർ
പ്രഭാഷണത്തിൽ  സദസ്സിനെ
ഉണർത്തി .
 ഏരിയ പ്രസിഡന്റ് നദീറ ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മെഹ് റ മൊയ്തീൻ സ്വാഗതം ആശംസിക്കുകയും  പ്രോഗ്രാം കൺവീനർ ഫസീല ഹാരിസ് നന്ദി പറയുകയും ഫർസാന റാഫി വേദ ഗ്രന്ഥത്തിൽ നിന്നും അവതരിപ്പിക്കുകയും ചെയ്‌തു.
റിഫ ഏരിയ തല മത്സരം വെസ്റ്റ് റിഫ ദിശ സെന്റർ  ഓഡിറ്റോറിയത്തിൽ നടന്നു.  ജി.ഐ.ഒ മുൻ സംസ്ഥാന സെക്രട്ടറി സൗദ പേരാമ്പ്ര മത്സരങ്ങൾ  ഉദ്ഘാടനം ചെയ്തു.  സ്ത്രീകൾ അബലകളാണെന്ന പൊതുബോധത്തിലകപ്പെടുന്നതിന് പകരം സദാചാര, ധാർമിക അതിർവരമ്പുകൾ സൂക്ഷിച്ച് സാമൂഹ്യ ഇടപെടലുകൾ നടത്താൻ സ്ത്രീകൾ കരുത്താർജിക്കണമെന്നും  അവർ അഭിപ്രായപ്പെട്ടു.
ക്വിസ്സ്, കവിത, ഗാനം, സംഗീത ശിൽപം എന്നിവയും പരിപോടിയോടനുബന്ധിച്ചു നടന്നു.  മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന മുഹറഖ് ഏരിയ തല മത്സരം വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലിം ഉത്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും ഇന്ന് വനിതകൾ ശാക്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും സാമൂഹിക വളർച്ചക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു.പരിപാടിയിൽ സമീറ നൗഷാദ് സ്വാഗതം ആശംസിക്കുകയും  പി വി ഷഹനാസ് നന്ദി പറയുകയും ചെയ്തു. ഖദീജ മെഹ്ജബിൻ വേദഗ്രന്ഥത്തിൽ നിന്നും അവതരിപ്പിച്ചു.