ഡിസംബറിൽ മെഗാ ഫെയർ നടത്താനുള്ള തീരുമാനം പ്രതിഷേധാർഹം, ഇന്ത്യൻ സ്കൂൾ അധികൃതർ വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നൽകണമെന്ന് യു.പി.പി

മനാമ: ഇന്ത്യൻ സ്കൂൾ വളരെ കുറച്ചു പഠന ദിവസങ്ങൾ മാത്രമുള്ള ഡിസംബർ മാസം മെഗാ ഫെയർ നടത്താൻ തെരഞ്ഞെടുത്തത് പ്രധിഷേധാർഹമാണെന്നും മാതൃക പരീക്ഷകളും ഡിസംബർ മാസത്തെ പരീക്ഷകളും വളരെ അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളെ ബാധിക്കുമെന്നും പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) പ്രതിഷേധ പ്രസ്താവനയിറക്കി.

ബഹുഭൂരിപക്ഷം അധ്യാപകരും ഫെയറിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി അതുമായി ബന്ധപ്പെട്ടു ഓടിനടക്കേണ്ടി വരികയും  വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നിശ്ചലമാകുകയാണ് ചെയ്യുകയെന്നും സ്കൂൾ അധികൃതർ പത്രക്കുറിപ്പിലൂടെ  ഫെയർ നടത്തി ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുമെന്ന് പറയുകയല്ലാതെ കഴിഞ്ഞ മൂന്ന് വർഷമായി വർഷം തോറും ഒന്നര ലക്ഷം ദിനാർ വീതം  ഫെയർ നടത്തി സമാഹരിച്ച  നാലു ലക്ഷത്തി അമ്പത്തിനായിരം ദിനാർ എന്തിന് ചിലവഴിച്ചു എന്നോ ഏത് വകയിൽ വിലയിരുത്തിയെന്നോ ഉള്ള  കണക്കുകൾ ഇതുവരെ  ഒരു രക്ഷിതാവിനെ പോലും അറിയിച്ചിട്ടില്ലെന്നും യു പി പി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ആരോപിച്ചു.

വർഷം തോറും ഇത്രയും ഭീമമായ തുക രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും പിരിച്ചെടുത്തിട്ടും ഭൂരിഭാഗം അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാതെയും ചിലർക്ക് ഗഡുക്കളായി കഷ്ടിച്ച് ശമ്പളം നൽകുകയും ചെയ്യുന്ന പരിതാപകരമായ  സാഹചര്യവുമാണ് നിലവിലുള്ളതെന്നും ഇഷ്ടക്കാരെയും സ്വജന പക്ഷത്തേയും സുഖിപ്പിച്ചു കൂടെ നിർത്താൻ മാത്രമാണ് ഈ ഭരണത്തിന്റെ ഫെയറും ക്ഷേമ പ്രവർത്തനങ്ങളെന്ന പേരിലുള്ള മറ്റു പ്രവർത്തനങ്ങളുമെന്നും ആരോപണ പ്രസ്താവനയിൽ പറയുന്നു. ഇനി ബാക്കിയുള്ള ഒരു വർഷത്തെ കാലയളവിലും ഈ നിലപാടുമായി തന്നെ മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ  ഡിസംബർ ആറിന് നടക്കുന്ന വാർഷിക ജനറൽ ബോഡിയിൽ രക്ഷിതാക്കൾ ഒന്നടങ്കം പ്രതികരിക്കേണ്ടി വരുമെന്നും യു. പി പി പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.