നോർക്ക നിയമ സഹായസെല്ലിൽ നിയമിതനായ അഡ്വ. ശ്രീജിത്ത് കൃഷ്ണന് സ്വീകരണം: കേരളീയ സമാജത്തിൽ എല്ലാ ശനിയാഴ്ച്ചയും സേവനം ലഭ്യമാകും

മനാമ: കേരളാ സർക്കാർ നോർക്ക പ്രവാസി നിയമ സഹായസെൽ സേവനം ബഹ്‌റൈനിൽ ലഭ്യമാക്കുന്നതിന് നിയമിച്ച മലയാളിയായ അഭിഭാഷകൻ അഡ്വ: ശ്രീജിത്ത് കൃഷ്ണന് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) സ്വീകരണം നൽകി. ഭരണസമിതി അംഗങ്ങൾ, ചാരിറ്റി – നോർക്കാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എല്ലാ ശനിയാഴ്ചകളിലും വൈകീട്ട്  6:30 മുതൽ 7:30 വരെ നോർക്ക ലീഗൽ കൺസൾട്ടന്റിന്റെ  സേവനം സമാജത്തിൽ ലഭ്യമായിരിക്കുമെന്ന് പ്രസിഡന്റ്‌ പി.വി. രാധാകൃഷ്‌ണപിള്ള അറിയിച്ചു. നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധി ചേർക്കൽ, ആബുലൻസ് സർവീസ് എന്നീ ഇപ്പോൾ നൽകി വരുന്ന സേവനത്തോടൊപ്പം ജയിലുകളിൽ കഴിയുന്ന മലയാളികൾക്കും, ജോലി സംബന്ധമായി വിഷമതകൾ അനുഭവിക്കുന്നവർക്കും പ്രയോജനപ്പെടുന്ന നോർക്കയുടെ നിയമസഹായ പദ്ധതിയും ബി.കെ.എസ്സിൽ പ്രവർത്തിക്കുന്ന നോർക്കയുടെ ഹെൽപ്പ് ഡസ്‌ക്ക് വഴി ബഹ്‌റൈൻ പ്രവാസി മലയാളികൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.കെ.എസ് നോർക്ക  ഹെൽപ്പ് ഡസ്ക് എല്ലാ ദിവസവും വൈകീട്ട്  7: 30 മുതൽ 9 വരെ പ്രവർത്തിച്ചുവരുന്നുണ്ട്.

നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സമാജത്തിൽ സംഘടിപ്പിക്കുന്നതിനും നോർക്ക അഭിഭാഷകനുമായി സമാജം ധാരണയായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും, സേവനങ്ങൾക്കും ചാരിറ്റി – നോർക്ക ജനറൽ കൺവീനർ കെ.ടി. സലീമിനെയോ (33750999), നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെയോ (35320667) ബന്ധപ്പെടാവുന്നതാണ്.