മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കു ആവേശകരമായ പര്യവസാനം. “കുട്ടികൾക്കുവേണ്ടി കുട്ടികൾ” എന്ന മുദ്രാവാക്യവുമായി നടന്ന കിഡ്ഡീസ് ഫിയസ്റ്റ യുടെ ഭാഗമായി കുട്ടികൾ അരങ്ങിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെയും അധ്യാപികമാരുടെയും കൂട്ടായ പ്രവർത്തനം പരിപാടി വിജയകരമാക്കി.
1960 മുതൽ 2019 വരെയുള്ള ആൽബങ്ങൾ ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിലൂടെ സംഗീതത്തിന്റെയും സിനിമയുടെയും പരിണാമം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ആത്മവിശ്വാസവും ടീം വർക്കും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പരീക്ഷണാത്മക ജീവിത നൈപുണ്യ പദ്ധതിയായിരുന്നു ക്ലാസ് തിരിച്ചുള്ള ഫിയസ്റ്റ. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ 130-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് നവംബർ 14 ന് പ്രത്യേക അസംബ്ലി നടന്നു.
ഈ അവസരത്തിൽ സ്കൂൾ വാട്ടർ ബ്രേക്ക് എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു, “ഡ്രോപ്പ് എവരിതിംഗ് ആൻഡ് റീഹൈഡ്രേറ്റ് (DEAR)” എന്ന ആശയവുമായി ജല പാനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതായിരുന്നു ഈ സംരംഭം. വിദ്യാർത്ഥികൾ ഈ സംരംഭത്തിനായി പ്രതിജ്ഞയെടുത്തു. രാവിലെ 10:45 ന് ഒരു വാട്ടർ ബ്രേക്ക് ഉണ്ടായിരിക്കും. ഇത് ഒരു അറിയിക്കാൻ സ്‌കൂൾ ബെൽ ഉണ്ടാകും. ഈ വേളയിൽ എല്ലാ കുട്ടികളും എഴുന്നേറ്റു നിന്ന് ജല പാനം നടത്തും.
കുട്ടികളുടെ ദിനാഘോഷത്തിന്റെ ഭാഗമായി പ്രാഥമിക വിദ്യാർത്ഥികൾ ഒരു ജസ്റ്റ് എ മിനിറ്റ് പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. അവിടെ സുരക്ഷ, നല്ല പെരുമാറ്റം, കരുതൽ, പരിസ്ഥിതി ബോധവൽക്കരണത്തിൽ ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാട് എന്നിവ ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിയായിരുന്നു പ്രസംഗ മത്സരം. പരിപാടി വിജയകരമായി ഒരുക്കിയ റിഫ കാമ്പസ് ടീമിനെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു.