‘പ്രവാസി പ്രശ്നങ്ങളിൽ ഒരുമിച്ച് നിൽക്കുക’: ബഹ്റൈൻ പ്രതിഭ സംവാദത്തിൽ മികച്ച പങ്കാളിത്തം

മനാമ: ബഹ്റൈൻ പ്രതിഭ ഇരുപത്തി ഏഴാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് സലീഹിയയിലെ പ്രതിഭ ഹാളിൽ വെച്ച് ‘പ്രവാസം – നൊമ്പരവും പ്രതീക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി സംവാദം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ കൺവീനറും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് കെ.എം.മഹേഷ് അദ്ധ്യക്ഷനായിരുന്നു. ലോക കേരള സഭ അംഗവും പ്രതിഭ നേതൃത്വത്തിലെ മുൻ നിര നേതാവുമായ സി.വി.നാരായണൻ വരുന്ന ജനുവരി മാസം നടക്കാൻ പോകുന്ന ലോക കേരളസഭയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ട് പി. ശ്രീജിത്, ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് എന്നിവർ പ്രതിഭ തുടർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.

ഒമാനിൽ നിന്നുള്ള ലോക കേരളസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, പ്ലാനിങ്ങ് ബോർഡ് അഡ്വൈസറി കമ്മിറ്റി മെമ്പർ, എന്നീ ചുമതലകൾ വഹിക്കുന്ന പി.എം. ജാബിർ സദസുമായി നേരിട്ട് സംവദിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി പ്രതിനിധികളായ നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, കെ.എം.സി.സി യുടെ സി.കെ. അബ്ദുൽ റഹ്മാൻ, സലാം മമ്പാട്ടുമൂല ഐ.എൻ.എൽ പ്രതിനിധികളായ ജലീൽ ഹാജി, മൊയ്തീൻ, നവകേരള നേതാവും ലോക കേരളസഭ അംഗവുമായ ബിജു മലയിൽ, സാമൂഹ്യ പ്രവർത്തകരായ കെ.ടി.സലീം, റഫീക്ക് അബ്ദുള്ള തുടങ്ങി നിരവധി പേർ പങ്കെടുത്തു.

സർക്കാർ മാറി മാറി വന്നാലും പ്രവാസികൾക്കുള്ള പദ്ധതികൾ മുന്നോട്ടു കാര്യക്ഷമമായി കൊണ്ടു പോകണമെന്നും, ഗ്രാമസഭ , വില്ലേജ് തലം, പഞ്ചായത്ത് തലങ്ങളിൽ ജനങ്ങൾക്ക് നോർക്ക യെക്കുറിച്ചും, ക്ഷേമനിധിയെക്കുറിച്ചും അറിവ് എത്തിക്കണമെന്നും സംവാദം അഭിപ്രായപ്പെട്ടു.

ബഹ്റൈനിൽ മരണപ്പെടുന്ന നിർധനരായവർക്ക് എംബസിയിൽ നിന്നും മറ്റും ലഭിക്കുന്ന സഹായം ലഭ്യമാക്കണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ശവപ്പെട്ടി, എംബാമിംഗ് ചെലവ് എന്നിവ നോർക്ക തന്നെ നേരിട്ട് വഹിക്കാനുള സംവിധാനം വരണം. പ്രവാസി ഇൻവെസ്റ്റ്മെന്റ് & ഡിവിഡന്റ് പദ്ധതി ജനങ്ങളിലേക്ക് കൂടുൽ എത്തിക്കാൻ നോർക്ക മുൻകൈയ്യെടുക്കണം. നിക്ഷേപത്തുക അനന്തരാവകാശിക്ക് മാത്രം പിൻവലിക്കാനുള്ള തീരുമാനം മാറ്റി, അത് നിക്ഷേപകന് തന്നെ അത്യാവശ്യ ഘട്ടത്തിൽ പിൻവലിക്കാനുള്ള സംവിധാനം വേണം. ക്ഷേമനിധി ,അംശാദായം 60 വയസ്സുവരെ അടക്കുന്നത് 5 വർഷമായി പുന:ക്രമീകരിക്കണം. പ്രവാസി പുനരധിവാസം – നോർക്ക മുൻകൈയ്യെടുക്കണം. പുതുതായി പ്രവാസത്തിലേക്ക് പോകുന്നവർക്ക് ട്രെയിനിംഗും, ജോലി ചെയ്യാൻ പോകുന്ന വിദേശ രാജ്യത്തെ നിയമത്തെക്കുറിച്ച് അറിവ് നോർക്കയുടെ നേതൃത്വത്തിൽ നൽകണം. എന്നിങ്ങനെ നിരവധി അനവധിയായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്ന് വന്നു. ഇവ ഒന്നൊഴിയാതെ കേരള സർക്കാറിന്റെ അറിവിലേക്കും ശ്രദ്ധയിലേക്കും പരിഹാരത്തിനുമായി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകി.