പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപിക്കുന്നതും: സോഷ്യൽ വെൽഫയർ അസോസിയേഷൻ

മനാമ: മോഡി  സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപിക്കുന്നതുമാകയാൽ അതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന്  സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിന് മാത്രം ഭരണഘടനാ അവകാശം നിഷേധിച്ച് പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കം നടത്തുന്നതിലൂടെ വംശീയ വിരോധം ആണ് സർക്കാറിന്റെ മുഖമുദ്ര എന്ന് വ്യക്തമാവുകയാണ്. മുസ്ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കടക വിരുദ്ധമാണ്.
സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ബി.ജെ.പി സർക്കാർ ഈ ബില്ലിലൂടെ ചോദ്യം ചെയ്യുന്നത്. ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനാണ് സർക്കാർ ഈ ബിൽ കൊണ്ടു വരുന്നത്. സമസ്ത മേഖലകളിലും പരാജയപ്പെട്ട  കേന്ദ്ര സർക്കാർ ജനരോഷത്തെ മറികടക്കാൻ സ്ഥിരമായി ഹിന്ദു മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും കൈകോർത്ത് പൗരത്വ ഭേദഗതി എന്ന വിഭാഗീയത പരത്തുന്ന ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.