മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈന്‍ കെഎംസിസി ദ്വിദിന രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. മുപ്പതാമത് സമൂഹ രക്തദാനം ഡിസംബര്‍ 13വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്‍റെറിലും 31-മത് രക്ത ദാനം ഡിസംബര്‍ 14 ശനിയാഴ്ച ഉച്ചക്ക് 2 മുതല്‍ 5 വരെ ബഹ്റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലില്‍ വെച്ചും നടക്കും. ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
ക്യാമ്പിന്‍റെ വിജയത്തിനായി പ്രത്യേക സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ‘സുരക്ഷിത രക്തം എല്ലാവര്‍ക്കും’ എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദാന സന്ദേശം. ‘ജീവസ്പര്‍ശം’ എന്ന പേരില്‍ കെ എം സി സി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പുകളിലൂടെ സമൂഹ രക്ത ദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളായ മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുള്‍പ്പടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട്.
2009ലാണ് രക്തദാന പദ്ധതി ആരംഭിച്ചത്. ബഹ്റൈനിലെ സല്‍മാനിയ്യ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 21 രക്തദാന ക്യാമ്പുകളും 8 എക്സ്പ്രസ് ക്യാമ്പുകളും കഴിഞ്ഞ 10 വര്‍ഷമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത് .
കഴിഞ്ഞ ക്യാംപുകളില്‍ ഇതിനകം 4300 പേരാണ് കെ എം സി സി യുടെ ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും blood book എന്നപേരില്‍ പ്രത്യേകം ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹറൈനില്‍, രക്തദാനത്തിന്‍റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തിക്കുവാനായി വളരെ വിപുലമായ രീതിയില്‍ വിവര ശേഖരണം നടത്തി ക്യാമ്പുകള്‍ കെ എം സി സി സംഘടിപ്പിച്ചു വരുന്നുണ്ട്. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാ ലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂണി വേഴ്സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തിലും സി.എച്ച് സെന്‍റര്‍, സ്പര്‍ശം ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുമായി സഹകരിച്ചു കൊണ്ട് പ്രവര്‍ത്തനം നടത്തി വരുന്നു. കൂടാതെ നിര്‍ദ്ധനരായ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ള പദ്ധതി, തണല്‍ ഭവന പദ്ധതി, സമൂഹ വിവാഹം, അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, സി.എച്ച് സെന്‍റര്‍ മുഖേന ഐ.സി.യു ആംബുലന്‍സ് സര്‍വ്വീസ്, ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി, റിലീഫ് സെല്‍, വിദ്യാഭ്യാസ സഹായങ്ങള്‍, മയ്യിത്ത് പരിപാലന സേവനങ്ങള്‍, ബിസിനസ് മീറ്റുകള്‍, ഈദ് സംഗമങ്ങള്‍ തുടങ്ങി വിവിധങ്ങളായ ജന-സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്റൈന്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്.
ഡിസം.13, 14 ദിനങ്ങളിലായ നടക്കുന്ന രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 00973-34593132, 33210288, 39841984, 39841984 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 39903647, 33210288 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഷാഫിപാറക്കട്ട(വൈസ് പ്രസി. കെഎംസിസി സംസ്ഥാന കമ്മറ്റി), കെ.കെ.സി മുനീര്‍ (ചെയര്‍മാന്‍, ജീവ സ്പര്‍ശം), എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍, ജീവ സ്പര്‍ശം), ഫൈസല്‍ കോട്ടപ്പള്ളി(കണ്‍വീനര്‍, ജീവ സ്പര്‍ശം), ശിഹാബ് പ്ലസ്(മീഡിയ ചെയര്‍മാന്‍ ജീവ സ്പര്‍ശം), മുഹമ്മദ് ടീടൈം, അഷ്റഫ് മായഞ്ചേരി, അഷ്റഫ് മഞ്ചേശ്വരം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.