മനാമ: ഭൂമിക ബഹ്റൈൻ ‘ഭരണഘടനയും സമകാലീന കോടതി വിധികളും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച പൗരത്വ ഭേദഗതിക്കെതിരെയുളള പ്രതിഷേധമായി. ജനാധിപത്യത്തിലേക്ക് പുരോഗമിച്ച ദേശത്തിന്റെ ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത വിവേചന നടപടിയാണിതെന്ന് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. പൗരത്വം ലഭിക്കാന്‍ മതം ഉപാധിയാക്കുന്നതും മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതും ജനാധിപത്യ സങ്കല്പങ്ങള്‍ക്കെതിരാണ്. ലോകം മുഴുവന്‍ ശ്ലാഘിക്കപ്പെടുന്ന വിധം തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനക്കെതിരെ തുടക്കത്തിലെ വാളോങ്ങിയവര്‍ വളഞ്ഞ വഴികളിലൂടെ നടത്തുന്ന നീക്കങ്ങളെ ചെറുത്ത് തോല്പിക്കാന്‍ മതേതര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
സാമൂഹ്യ ബന്ധങ്ങളില്‍ വിളളല്‍ വീണാല്‍ കോടതികള്‍ക്കത് കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. മതവിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കണ്ടെത്താനും മതേതര ചിന്താഗതിക്കാര്‍ക്ക് മുന്നിട്ടിറങ്ങാനാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബ്‌രി-രാമജന്മഭൂമി കേസില്‍ അലഹബാദ് കോടതി വിധി താരതമ്യേന സ്വീകാര്യമായിരുന്നെങ്കിലും സുപ്രീം കോടതി രാജ്യത്തെ പിന്നോട്ട് നയിക്കുന്നതാണെന്നും സജി പറഞ്ഞു. ‘ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം’ എന്നാണ് കോടതികളില്‍ എഴുതി വെച്ചിട്ടുളളതെങ്കിലും അത് പലപ്പോഴും സംഭവിക്കുന്നില്ലെന്ന് അഡ്വ. ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ് ശബരിമല വിധിയെന്നും അദ്ദേഹം അഭി്പ്രായപ്പെട്ടു. എൻ.പി. ബഷീർ സ്വാഗതവും ഇ.എ. സലീം അദ്ധ്യക്ഷതയും വഹിച്ചു. പങ്കജ് നഭന്‍, രഞ്ജന്‍ ജോസഫ്, കെ.ടി.നൗഷാദ്, എസ്.വി.ബഷീര്‍, ഷാഫി, വിജു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.