മനാമ: 48-ാമത് ദേശീയ ദിനാഘോഷത്തിനായി ചമഞ്ഞൊരുങ്ങുകയാണ് ബഹറൈന്‍. വര്‍ണ്ണാലങ്കാരങ്ങളും ദീപപ്രഭയും ചാര്‍ത്തി പവിഴദ്വീപ് മുഴുവന്‍ ദേശീയ ദിനാഘോഷത്ത് വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്നു. 16-ാം തിയ്യതി തുടങ്ങി 17 ന് അവസാനിക്കുന്ന ദേശീയദിനാചരണം തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ആനന്ദത്തിന്‍റേയും രാജ്യസ്നേഹത്തിന്‍റേതുമാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 16, 17 തിയതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 15, 16 തിയതികളിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലും ഇന്ന് (ഡിസംബർ 15) വാട്ടർ ഗാർഡൻസിറ്റിയിലും വർണാഭമായ ഫയർ വർക്ക്സ് അരങ്ങേറും.
വിദേശീയര്‍ക്ക് സുഖകരമായ തൊഴില്‍ അവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കുന്ന ബഹറൈനിലെ പ്രവാസികളും ദേശീയദിനത്തിനായി കാത്തിരിക്കുകയാണ്. സാമൂഹ്യ സുരക്ഷയും മെച്ചപ്പെട്ട സ്വീകാര്യതയും കൊണ്ട് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ പശ്ചാത്തലമൊരുക്കി തന്ന ഈ ദ്വീപ് പ്രവാസികള്‍ക്ക് പ്രിയങ്കരമാണ്. തൊഴില്‍ മാറ്റത്തിനായുള്ള ലളിതമായ നിയമപ്രക്രിയകളും ഇന്ത്യയുമായി നിലനില്‍ക്കുന്ന നല്ല നയതന്ത്ര ബന്ധവുമെല്ലാം മൂലം വിദേശത്ത് തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ ആദ്യ പരിഗണനകളിലൊന്നാണ് ഈ കൊച്ചുരാജ്യം.
ആഗസ്റ്റ് 14-ാം തിയ്യതിയാണ് ബഹ്റൈന്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമാകുന്നത്. എന്നാല്‍ മുന്‍ ഭരണാധികാരി ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ കിരീടാരോഹണ ദിവസമായ ഡിസംബര്‍ 16 നാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്.