മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ളബ് സംഘടിപ്പിച്ചു ടാലന്‍റ് ഫെസ്റ്റ് 2019 ന് താരത്തിളക്കമാര്‍ന്ന ഗ്രാന്‍ഡ് ഫിനാലേ. 35 ദിവസം നീണ്ട് നിന്ന ടാലന്‍റ് ഫെസ്റ്റിന് ഡിസംബര്‍ 12 നാണ് സമാപ്തി കുറിച്ചത്. ബഹ്റൈന്‍ ഇന്ത്യന്‍ ക്ളബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തമായിരുന്നു ഇക്കുറി. 1288 കുട്ടികളും അവരുടെ മാതാപിതാക്കളും വിവിധ വിധികര്‍ത്താക്കളും പരിപാടിയുടെ ഭാഗമായി.
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ പ്രമോദ്, ചലച്ചിത്ര സംവിധായകന്‍ ബോബന്‍ സാമുവല്‍, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ സന്നിഹിതരായിരുന്നു. ടാലന്‍റ് പ്രിന്‍സസ് സ്നേഹ മുരളീധരനേയും ടാലന്‍റ് പ്രിന്‍സ് ശൗര്യ ശ്രീജിത്തിനേയും വിശിഷ്ടാഥിതികള്‍ കിരീടമണിയിച്ചു. 1 മുതല്‍ 5 വരെയുള്ള ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കുള്ള സമ്മാനവിതരണവും ഇവര്‍ നിര്‍വഹിച്ചു. ഹിമ അജിത്കുമാര്‍, ശ്രേയ മുരളീധരന്‍, ശ്രേയ ഗോപകുമാര്‍, ആശ്ചര്യ കെ രമേഷ്, അനഖ എസ് ലാല്‍ എന്നിവരാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. അതുല്‍കൃഷ്ണ ഗോപകുമാര്‍ (മ്യൂസിക്കല്‍ ജെം), അനഖ എസ് ലാല്‍ (ഡാന്‍സിങ്ങ് ജുവല്‍), ശില്‍പ സന്തോഷ് (ആര്‍ട്ടിസ്റ്റിക് പേള്‍), മിയ മരിയം അലക്സ് (ആര്‍ട്ടിസ്റ്റിക് സ്പെഷല്‍ അവാര്‍ഡ്), ശ്രീഹംസിനി ബാലമുരുകന്‍ (ലിറ്റററി ഡയമണ്ട്), റിഥ്വിക ശ്രീനാഥ് (ഗ്രൂപ്പ് ത്രീ സ്പെഷല്‍ അവാര്‍ഡ്),അദ്വൈത് അനില്‍കുമാര്‍ (ഐ.സി.ബി ടാലന്‍റ് സ്പെഷല്‍ അവാര്‍ഡ്) എന്നിവരും വിവിധ മേഖലകളിലായി സമ്മാനാര്‍ഹരായി.
ഇന്ത്യന്‍ ക്ളബിന്‍റെ പ്രസിഡന്‍റ് സ്റ്റാലിന്‍ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോബ് ജോസഫ് ആശംസകള്‍ അറിയിച്ചു. പരിപാടിയുടെ സംക്ഷിപ്ത രൂപം വിവരിച്ചത് ടാലന്‍റ് ഫെസ്റ്റ് കണ്‍വീനറായ ജോസ് ഫ്രാന്‍സിസാണ്.
ബഹറൈനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള സമുന്നത വ്യക്തികള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെക്ക് ടാലന്‍റ് ഫെസ്റ്റിലെ വിജയികളുടെ കലാപ്രകടനങ്ങള്‍ മാറ്റ് കൂട്ടി. മലയാള ചലച്ചിത്രം അല്‍ മല്ലുവിന്‍റെ ട്രെയിലര്‍ ലോഞ്ചും ചടങ്ങിനോടനുബന്ധിച്ച് നടന്നു.