ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ: 269 തടവുകാര്‍ക്ക് പൊതുമാപ്പ്, 530 പേര്‍ക്ക് ശിക്ഷയിളവ്

മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹറൈനിന്‍ തടവില്‍ കഴിയുന്ന 269 പേര്‍ക്ക് പൊതുമാപ്പ്. ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് ശിക്ഷയിളവും ലഭിക്കും. റിഹാബിലിറ്റേഷന്‍, റീഫോം  കേന്ദ്രങ്ങളില്‍ കഴിയുന്ന 530 പേര്‍ക്കാണ് ബാക്കിയുള്ള ശിക്ഷ തടവില്ലാതെ പൂര്‍ത്തിയാക്കാനാകുക.

ഹിസ് മെജസ്റ്റി കിങ്ങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് 2019 ലെ ഡിക്രീ 101 പുറപ്പെടുവിച്ചത്. വിവിധ കേസുകളിലായി കോടതി ശിക്ഷിച്ച 269 പേര്‍ക്ക് ഇത് പ്രകാരം മോചിക്കപ്പെടാനാകും.

മനുഷ്യത്വപരമായ പരിഗണനകളുടെ ഭാഗമായാണ് അഞ്ഞൂറിലധികം പേര്‍ക്ക് തടവ് ശിക്ഷ ഇളവ് നല്‍കിയത്. പകരം ഇവര്‍ കമ്മ്യൂണിറ്റി സര്‍വീസുകളിലും  പുനരധിവാസ പരിപാടികളിലും  പരിശീലനങ്ങളിലും പങ്കെടുക്കണം. ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഇവര്‍ക്ക് വിലക്ക് നിലനില്‍ക്കും.

Source: BNA