ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിന് തുടക്കമായി; സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടി ഇന്ന്(തിങ്കൾ)

മനാമ: ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ 2019 ആരംഭിച്ചു. കനത്ത മഴയെ വകവെക്കാതെ ഞായറാഴ്ചയാണ് ഇസ ടൗണിലെ സ്കൂള്‍ മൈതാനത്ത് മേളയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ട്ട് എക്സിബിഷനും ഫുഡ് ഫെസ്റ്റിവലും ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ബി ചെയര്‍മാര്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്‍റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, റിഫ കാംപസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ രമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.


പ്രതികൂലമായ കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും കൊണ്ടാണ് സ്റ്റീഫന്‍ ദേവസ്സി നേതൃത്യം കൊടുക്കുന്ന സംഗീത പരിപാടി തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചതെന്ന് ഐ.എസ്.ബി ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അറിയിച്ചു. വൈകീട്ട് നാല് മണിക്കാണ് സ്റ്റീഫന്‍ ദേവസ്സിയുടേയും സംഘത്തിന്‍റേയും സംഗീതാവതരണം നടക്കുക. തുടര്‍ന്ന് ബോളിവുഡ് ഗായകന്‍ റിതു പഥക്കും സംഘവും വേദിയിലെത്തും.

മോശം കാലാവസഥയെ വകവെക്കാതെ തന്നെ നിരവധി ആളുകളെയാണ് കലാമേളയും ഫുഡ് ഫെസ്റ്റിവലും ആകര്‍ഷിക്കുന്നത്. തിങ്കളാഴ്ചയും കാലാവസ്ഥ പ്രതികൂലമായി തുടര്‍ന്നാല്‍ സംഗീത പരിപാടികള്‍ ജഷന്‍മാൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.