ഹൂതികള്‍ വഴങ്ങുന്നില്ല; യമന്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഹൂതി വിഘടനവാദികള്‍ ഹുദൈദ തുറമുഖത്തുനിന്നും നഗരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

യമനിലേക്കുള്ള യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് കഴിഞ്ഞ ദിവസമായി ഹൂതികളുമായി ചര്‍ച്ച നടത്തുകയും ഹുദൈദയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ദൗത്യം വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ യു.എന്‍ പ്രതിനിധി യമനില്‍ നിന്ന് തിരിച്ചു പോയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വീഡനില്‍ വെച്ച് നടന്ന വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ സമാധാന നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പാട്രിക് കാമററ്റും ഹൂതികള്‍ നിബന്ധനകള്‍ പാലിക്കാത്തതായി കുറ്റപ്പെടുത്തിയിരുന്നു.

തുറമുഖ നഗരമായ ഹുദൈദക്കും തലസ്ഥാന നഗരമായ സന്‍ആക്കുമിടക്കും പ്രമുഖ നഗരങ്ങള്‍ക്കിടക്കും സമാധാന പാത തുറക്കാനായിരുന്നു പാട്രിക്കും സംഘവും ശ്രമിച്ചിരുന്നത്. നിബന്ധനകള്‍ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോയി ഹൂതികള്‍ സമയം പാഴാക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറുകള്‍ ഹൂതികള്‍ തങ്ങള്‍ക്കനുകൂലമായാണ് വിശദീകരിക്കുന്നത്. അതേസമയം, അടുത്തഘട്ടം ചര്‍ച്ച നടത്താനും നീക്കം നടക്കുന്നുണ്ട്. അടുത്ത ചര്‍ച്ചക്ക് കുവൈത്ത് വേദിയായേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.