മനാമ: ഇറ്റാലിയന്‍ കമ്പനിയായ ‘എനി’യും നാഷണല്‍ ഗ്യാസ് ഓയില്‍ ആന്‍റ് ഗ്യാസ് അതോറിറ്റിയും തമ്മിലുള്ള എണ്ണ ഖനനം സംബന്ധിച്ച കരാറിന് കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചു. ബഹറൈനിലെ എണ്ണപ്പാടങ്ങളിലെ എണ്ണ, പ്രകൃതി വാതകം തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള പുത്തന്‍ വാതിലുകളാണ് ഇതോടെ തുറക്കപ്പെടുക.
കൗണ്‍സില്‍ ഓഫ് റെപ്രസന്‍റേറ്റീവ്സ് ഓഫ് ബഹറൈന്‍ നവംബറില്‍ തന്നെ കരാറിന് അംഗീകാരം നല്‍കിയിരുന്നു. പ്രകൃതി വാതകത്തിന്‍റെ ആവശ്യം രാജ്യത്ത് വര്‍ധിച്ചിട്ടുള്ളതിനാല്‍ 2020 ന്‍റെ ആദ്യ പാദത്തില്‍ തന്നെ കിണറുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി.
2018 ഏപ്രിലാണ് രാജ്യത്തെ ഏറ്റവും വലിയ എണ്ണശേഖരത്തിന്‍റെ കണ്ടെത്തല്‍ ബഹറൈന്‍ പുറത്ത് വിട്ടത്. 80 ബില്യണ്‍ ബാരല്‍ എണ്ണയുടേയും 20 ട്രില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകത്തിന്‍റേയും ശേഖരം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.