മനാമ: ഫാസിസത്തിന് എതിരെയുള്ള സമരത്തിന് ഇടവേളകൾ ഇല്ല എന്നും അത് അഭംഗുരം ഉയർന്നുവരികയും വികസിക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു: ബഹ്‌റൈൻ പ്രതിഭയുടെ ഇരുപത്തി ഏഴാമത് കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ നാടാണ് ഇന്ത്യ. അതിനു കടിഞ്ഞാൺ ആയാണ് ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നത്. ബഹുസ്വരതയുള്ള ഇന്ത്യയെ ഒന്നായി ഒരുകോർത്തെടുക്കുക എന്ന ധര്മം ആണ് ഭരണഘടനാ നിർവഹിക്കുന്നത്. അതാണ് നാനാത്വത്തിൽ ഏകത്വം. ആർ എസ് എസ്സും സംഘപരിവാറും ഈ നാനാത്വത്തിനു എതിരാണ്. ലോകത്തെവിടയും ജനാധിപത്യത്തിന് കരുത്ത് ആ രാജ്യത്തെ ജനതയാണ്. ആ ജനതയെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടിഷുകാർ സ്വീകരിച്ചത് .അതിനായി അവർ ബംഗാൾ വിഭജിച്ചു .അതെ തന്ത്രം തന്നെയാണ് കശ്മീർ വിഭജിച്ചു കൊണ്ട് നരേന്ദ്രമോദിയും നടപ്പിലാക്കുന്നത്. ഇന്ന് രാജ്യത്തു രണ്ടു വിഭാഗങ്ങൾ ഉണ്ട്. അത് ഭരണഘടന സംരക്ഷിക്കുന്നവരും മറ്റൊന്ന് ഭരണഘടനയെ കത്തിച്ചു കാറ്റിൽ പരത്തുന്ന സംഘപരിവാറും ആണ്.
മറവികളോടുള്ള ഓർമകളുടെ കലാപം ആണ് രാഷ്ട്രീയ പ്രവർത്തനം എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ പുരോഗമന പക്ഷത്തു നിൽക്കുന്നവർ ആശങ്കപ്പെടേണ്ടവർ അല്ല, മറിച്ചു ആവേശഭരിതർ ആകേണ്ടവർ ആണ്. ഒരു പോരാട്ടവും വൃഥാവിൽ ആകില്ല. ആഗോളീകരണ കാലത്തു ഇടതുപക്ഷവും കമ്മ്യുണിസ്റ്കാരും ഉയർത്തിയത് ആയിരുന്നു ശെരി എന്ന് കാലം തെളിയിച്ചെന്നും വർഗീയതക്കെതിരെയും ഇടതുപക്ഷം ആണ് ശെരി എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്നും സ്പാർട്ടക്കസ് ജീവിത കഥ പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തു കലാപത്തിന് ശേഷം സംഘപരിവാർ ശ്രദ്ധ കേന്ദ്രീകരിച്ചത് ഉത്തർപ്രദേശിൽ ആയിരുന്നു. അമിത്ഷാക്ക് ആയിരുന്നു അതിന്റെ മുഖ്യ ചുമതല. 2014 നു ശേഷം എണ്ണമറ്റ വർഗ്ഗീയ കലാപങ്ങൾ ആണ് അവിടെ നടന്നത് .അതിൽ ഏറെയും വായ്മൊഴി ആയി കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ളതും ആയിരുന്നു .ഇതാണ് അമിത്ഷായുടെ സോഷ്യൽ എഞ്ചിനീയറിംഗ് ,ആർ എസ് എസ് തീവ്ര ഹിന്ദുത്വം പറയുമ്പോൾ കോൺഗ്രസ് മൃദുഹിന്ദുത്വം ആണ് പറയുന്നത്. അതാണ് ബാബരി മസ്ജിദ് തകർച്ചക്ക് വഴിതെളിച്ചതെന്നും എ എ റഹിം ചൂണ്ടിക്കാട്ടി .
ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ കൊടിനിറങ്ങൾക്കപ്പുറം ഒരു ഐക്യ നിര സംജാതമാകുകയാണ്. ഒരു സമരവും അവസാനിക്കുന്നില്ല. ഇന്ന് പുതു തലമുറ പൂക്കളും ആയി പോരാട്ട സർഗ്ഗാത്മകയുടെ പുതിയ വാതായനങ്ങൾ തുറക്കുക ആണ് .ഉയർന്നു വരുന്ന സമരം ഇന്ത്യൻ ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം ആണ്.- എ എ റഹിം പറഞ്ഞു.
കെ സി എ ഹാളിൽ തയ്യാറാക്കിയ അഭിമന്യു നഗറിൽ ചേർന്ന സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 306 പ്രതിനിധികൾ പങ്കെടുത്തു . ലിവിൻ കുമാർ സ്വാഗതം പറഞ്ഞു . പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് റിപ്പോർട് അവതരിപ്പിച്ചു .ഷീജ വീരമണി രക്തസാക്ഷിപ്രമേയവും ,പ്രദീപ് പതേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ടി നാരായണൻ , ബിന്ദു റാം ,ഷീബ രാജീവൻ ,അഡ്വ ജോയി വെട്ടിയാടൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വിവിധ യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.