ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്തുമസ് -ഇടവക ദിനാഘോഷങ്ങൾ

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ശുശ്രൂഷയും ഇടവകദിനവും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 24 ചൊവ്വാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് സന്ധ്യനമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ എന്നിവയോട് കൂടി നടക്കും.

ഡിസംബര്‍ 27 വെള്ളിയാഴ്ച്ച രാവിലെ കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ തിരുമേനിയുടെ കാര്‍മികത്ത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 5.30 മുതല്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് ഇടവകദിനാഘോഷങ്ങളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികവും നടക്കും. വിവിധ പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍ കലാ പരിപാടികളും ഇടവകയുടെ പതിനഞ്ച് ഏരിയാ പ്രയര്‍ ഗ്രൂപ്പുകളേയും പങ്കെടുപ്പിച്ച് കൊണ്ട് ക്രിസ്തുമസ് കരോള്‍ മത്സരവും നടത്തുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകിട്ട് കത്തീഡ്രലില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും പുതുവല്‍ത്സര ശുശ്രൂഷയും 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹവികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.