മനാമ: ബഹ്റൈനെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും രാജ്യദ്രോഹപരമായ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ താക്കീതുമായി മിനിസ്ട്രി ഓഫ് ഇന്‍റീരിയര്‍. രാജ്യദ്രോഹം, അഭ്യന്തര സമാധാനത്തിനെതിരായ പ്രവൃത്തികള്‍, സുരക്ഷാ ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അക്കാര്യങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളും. ദേശീയ അനൈക്യം ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കാനും അവയെ കുറിച്ച് ജാഗ്രത പുലര്‍ത്താനും ജനങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴും ആരോപണങ്ങള്‍ റീപോസ്റ്റ് ചെയ്യുമ്പോഴും വിശ്വസനീയത പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.