മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ സ്നേഹസംഗമം ജനുവരി 10 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ പി.എം.എ ഗഫൂർ പരിപാടിയിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തുന്നുണ്ട്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും സംബന്ധിക്കും. കൂടാതെ ദേവിക കലാക്ഷേത്ര കുട്ടികളുടെ നൃത്തം, സഹൃദയ പയ്യന്നൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട്, റിഥം ഡാൻസ് എക്സ്ട്രീം, ടീം വി സ്റ്റാർ ഡാൻസുകൾ, കോമഡി ഉത്സവത്തിലെ പെരുങ്ങുഴി രാജേഷ്ന്റെ ഹാസ്യ പരിപാടി, നാസിക്ക് ഡോൾ എന്നിവയും പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ഉണ്ടായിരിക്കും. കഴിഞ്ഞ ഒരു വർഷം ബി.ഡി.കെയുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകളെ സദസ്സിൽ ആദരിക്കും.
പ്രവേശനം സൗജന്യമായ പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. വിനോദ് ഭാസ്ക്കർ എന്ന വ്യക്തി കേരളത്തിൽ തുടങ്ങിവെച്ച ബ്ലഡ് ഡോണേഴ്സ് കേരള, ഇന്ന് സേവനതല്പരരായ ഒട്ടനവധി പേർ ഏറ്റെടുത്തിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ രക്തം എത്തിക്കുക എന്നതിലാണ് ബി.ഡി.കെ കൂടുതൽ ശ്രദ്ധനൽകുന്നത്. കൂടാതെ രക്തദാന ക്യാമ്പുകൾ ഒറ്റക്കും വിവിധ സംഘടനകളോടൊപ്പവും നടത്തുക, മെഡിക്കൽ ക്യാമ്പുകൾ, തെരുവിലെയും തൊഴിൽ ശാലകളിലെയും അശരണരായവർക്ക് പൊതിച്ചോർ – വസ്ത്ര വിതരണങ്ങൾ, ആവശ്യക്കാർക്ക് കേരളത്തിലെ എല്ലായിടത്തും, ചാപ്റ്ററുകൾ ഉള്ള മറ്റ് രാജ്യങ്ങളിലും യാതൊരുവിധ തുകയും ഈടാക്കാതെ രക്തദാനത്തിന് ആളുകളെ എത്തിക്കുകയും ചെയ്യുന്ന ബ്ലഡ് ഡോണേഴ്സ് കേരള വേറിട്ട മാതൃകാ പ്രവർത്തനം നടത്തിവരുന്ന കൂട്ടായ്മയാണ്.